SportsTRENDING

ഖത്തറിൽ നീലാകാശം വിരിച്ച്, അവർ വീണ്ടും കവിത രചിച്ചു; വാമോസ് അർജന്റീന… ഡച്ച് പടയെ വിറപ്പിച്ച് മെസിപ്പടയുടെ പൊൻതാരം എമിലിയാനോ

ദോഹ: ഖത്തറിൽ നീലാകാശം വിരിച്ച്, അർജ​ന്റീന ആരാ​ധകർ വീണ്ടും കവിത രചിച്ചു. വാമോസ് അർജന്റീന…വാമോസ് അർജന്റീന… ലോകകപ്പിൽ ലാറ്റിനമേരിക്കൻ സ്വപ്‌ന ഫുട്ബോളി​ന്റെ വക്താക്കളായി അർജ​ന്റീന തുടരും. രണ്ടാം ക്വാർട്ടറിൽ നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് തോൽപിച്ചാണ് സെമിയിലേക്ക് മെസിപ്പടയുടെ പടയോട്ടം. രണ്ട് തകർപ്പൻ സേവുകളുമായി അർജ​ന്റീന ഗോളി എമിലിയാനോ മാർട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. 120 മിനുറ്റുകളിലും ഇരു ടീമും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അതിന് മുമ്പ് ഒരു ഗോളും അസിസ്റ്റുമായി മെസി അർജ​ന്റീനക്കായും ഇരട്ട ഗോളുമായി വൗട്ട് നെതർലൻഡ്‌സിനായും തിളങ്ങി.

Signature-ad

ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോൾ ആദ്യ മിനുറ്റുകളിൽ നെതർലൻഡ്‌സ് ടീം ആക്രമണത്തിൽ മുന്നിട്ടുനിന്നു. ഡീപേയും ഗാപ്‌കോയും അടങ്ങുന്ന നെത‍ർലൻഡ്‌സ് മുൻനിര ഇടയ്ക്കിടയ്ക്ക് അർജൻറീനൻ ഗോൾമുഖത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു. പക്ഷേ ആദ്യ 45 മിനുറ്റുകളിൽ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് പായിക്കാൻ ഡച്ച് താരങ്ങൾക്കായില്ല. 22-ാം മിനുറ്റിൽ അർജൻറീനൻ സൂപ്പർ താരം ലിയോണൽ മെസിയുടെ 25 യാർഡ് അകലെ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പോയി. 33-ാം മിനുറ്റിൽ ഡീ പോളിൻറെ ദുർബലമായ ഷോട്ട് ഗോളി പിടികൂടി.

എന്നാൽ ആദ്യപകുതി സമനിലയിലേക്ക് എന്ന് കരുതിയിരിക്കേയാണ് 35-ാം മിനുറ്റിൽ നെതർലൻഡ്‌സ് പ്രതിരോധത്തെ കബളിപ്പിച്ച് മെസി മറിച്ചുനൽകിയ പന്തിൽ മൊളീന ഫിനിഷ് ചെയ്തത്. അർജൻറീനക്കായി മൊളീനയുടെ ആദ്യ ഗോളാണിത്. നെതർലൻഡ്‌സ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്തിനെ കാലുകൊണ്ട് തഴുകി നീങ്ങിയ മെസി ഒരൊറ്റ നിമിഷം ചരിഞ്ഞുള്ള നോട്ടം കൊണ്ട് മൊളീനയിലേക്ക് പന്തടയാളം കൈമാറുകയായിരുന്നു. വിർജിൽ വാൻ ഡൈക്ക് എന്ന വമ്പൻ പ്രതിരോധക്കാരന് തരിമ്പുപോലും ഇടനൽകാതെ മൊളീന പന്ത് വലയിലേക്ക് പായിച്ചു. ഇതോടെ അർജൻറീന 1-0ന് മുന്നിലെത്തി. 63-ാം മിനുറ്റിൽ മെസിയുടെ മഴവിൽ ഫ്രീകിക്ക് ബാറിനെ തൊട്ടുരുമി കടന്നുപോയി. മെസിയുടെ ഊഴം വരുന്നതെയുണ്ടായിരുന്നുള്ളൂ. 72-ാം മിനുറ്റിൽ അക്യൂനയെ ബോക്‌സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി ഡച്ച് ഗോളി ആന്ദ്രേസ് നോപ്പെർട്ടിനെ വെറും നോക്കുകുത്തിയാക്കി അനായാസം മെസി വലയിലെത്തിച്ചു.

83-ാം മിനുറ്റിൽ നെതർലൻഡ്‌സിൻറെ ആദ്യ മറുപടിയെത്തി. വൗട്ട് വേഹോർസ്‌ടായിരുന്നു സ്കോറർ. എങ്കിലും അർജൻറീന 2-1ന് മത്സരം വിജയിക്കും എന്ന് കരുതിയവർക്ക് തെറ്റി. 90 മിനുറ്റുകളിലും 10 മിനുറ്റ് ഇഞ്ചുറിസമയത്തും 1-2ന് പിന്നിലായിരുന്ന നെതർലൻഡ്‌സ് രണ്ട് മിനുറ്റിനുള്ളിൽ സമനില ഗോൾ കണ്ടെത്തിയതോടെ വമ്പൻ ട്വിസ്റ്റുണ്ടായി. ഇഞ്ചുറിടൈമിൻറെ അവസാന സെക്കൻഡിൽ തന്ത്രപരമായി ഫ്രീകിക്കിലൂടെ വലകുലുക്കി വൗട്ട് നെതർലൻഡ്‌സ് സമനില പിടിക്കുകയായിരുന്നു. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് വലയിലേക്ക് ഡയറക്ട് കിക്ക് പ്രതീക്ഷിച്ച അർജൻറീനൻ താരങ്ങളെ കബളിപ്പിച്ച് നിലംപറ്റെ കിക്കെടുത്ത കോപ്മെനാഷ് പന്ത് വൗട്ടിൻറെ കാലുകളിലേക്ക് എത്തിക്കുകയായിരുന്നു.

ഇതോടെ തുടർച്ചയായ രണ്ടാം ക്വാർട്ടർ മത്സരവും എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. 114-ാം മിനുറ്റിൽ ലൗറ്റാരോ മാർട്ടിനസിൻറെ ഷോട്ട് ഗോളി തടുത്തിട്ടു. എൻസോ ഫെർണാണ്ടസിൻറെ ഷോട്ട് തൊട്ടുപിന്നാലെ ക്രോസ് ബാറിനെ ഉരുമി പോയി. പിന്നാലെ ഇരു ടീമുകൾക്കും അവസരങ്ങൾ മുതലാക്കാനായില്ല. മെസി, എൻസോ എന്നിവരുടെ ഷോട്ടുകൾ നിർഭാഗ്യം കൊണ്ട് ഗോളാകാതെ പോയി. എൻസോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. അങ്ങനെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ പിന്നെ കണ്ടത് എമിയുടെ മായാക്കാഴ്‌ചകളും അർജൻറീന സെമിയിലെത്തുന്നതും.

അർജൻറീനൻ ഗോളി എമി മാർട്ടിനസ് പറവയാവുകയായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ. വാൻഡൈക്കിൻറെ ആദ്യ കിക്ക് മാർട്ടിനസ് തടുത്തിട്ടു. അർജൻറീനക്കായി മെസിയുടെ മറുപടി നിസ്സാരമായി വലയിലെത്തി. സ്റ്റീവൻറെ രണ്ടാം കിക്കും മാർട്ടിനസിൻറെ പറക്കലിൽ അവസാനിച്ചു. എന്നാൽ അർജൻറീനക്കായി പരേഡെസ് ലക്ഷ്യംകണ്ടു. പിന്നാലെ മൂന്നാം കിക്ക് ഇരു ടീമുകളും വലയിലെത്തിച്ചു. ഡച്ചിനായി കോപ്മെനാഷും അർജൻറീനക്കായി മൊണ്ടൈലുമാണ് കിക്കെടുത്തത്. വൗട്ടിൻറെ നാലാം കിക്ക് ഗോളായപ്പോൾ എൻസോയുടെ കിക്ക് പാഴായി. ഡി ജോങിൻറെ അഞ്ചാം കിക്ക് നെതർലൻഡ്‌സ് വലയിലെത്തിച്ചപ്പോൾ ലൗട്ടാരോയുടെ അവസാന ഷോട്ട് വല കുലുക്കിയതോടെ അർജൻറീന 4-3ന് വിജയം സ്വന്തമാക്കി.

Back to top button
error: