കൊല്ലം: വിവാഹത്തലേന്നു ക്വാറിയുടെ മുകളില്‍നിന്നു സെല്‍ഫി എടുക്കവേ യുവതിയും പ്രതിശ്രുത വരനും 150 അടിയിലേറെ താഴ്ചയില്‍ പാറക്കുളത്തിലേക്കു വീണു. 50 അടിയോളം വെള്ളമുള്ള കുളത്തില്‍ ഒന്നര മണിക്കൂര്‍ നേരം കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്നു രക്ഷപ്പെടുത്തി. ഇന്നലെ വിവാഹം നിശ്ചയിച്ചിരുന്ന പരവൂര്‍ കൂനയില്‍ അശ്വതി കൃഷ്ണയില്‍ വിനു കൃഷ്ണനും (25) പ്രതിശ്രുത വധു പാരിപ്പള്ളി പാമ്പുറം അറപ്പുര വീട്ടില്‍ സാന്ദ്ര എസ്.കുമാറു(19)മാണ് അപകടത്തില്‍പ്പെട്ടത്.
കാല്‍വഴുതി വീണ സാന്ദ്രയെ രക്ഷിക്കാന്‍ ചാടിയതായിരുന്നു വിനു. കല്ലുവാതുക്കല്‍ വിലവൂര്‍കോണം കാട്ടുപുറത്ത് ഇന്നലെ രാവിലെ പത്തേകാലോടെയാണു സംഭവം. പരുക്കേറ്റ ഇവരെ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പകല്‍ക്കുറി ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ കൂറ്റന്‍ ക്വാറിയുടെ മുകളില്‍ സെല്‍ഫിയെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ഇതിനിടെ സാന്ദ്ര കുളത്തിലേക്കു വീണു.
പിന്നാലെ ചാടിയ വിനു വസ്ത്രത്തില്‍ പിടിച്ചു സാന്ദ്രയെ വലിച്ചടുപ്പിച്ച ശേഷം പാറയുടെ വശത്തു പിടിച്ചു കിടന്നു. നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണു നാട്ടുകാരെ കൂട്ടി രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇവര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ചുകിടന്ന വിനുവിനും സാന്ദ്രയ്ക്കും അരികിലേക്കു പൈപ്പ് കൊണ്ടുള്ള ചങ്ങാടത്തില്‍ നാട്ടുകാരെത്തി. പിന്നീട് അഗ്നിശമന സേനയും പോലീസും ചേര്‍ന്നു കരയ്ക്കെത്തിച്ചു. ദുബായില്‍ ജോലിയുള്ള വിനു ഒരാഴ്ച മുന്‍പാണു നാട്ടിലെത്തിയത്. അപകടത്തെത്തുടര്‍ന്നു വിവാഹം മാറ്റിവച്ചു.