ജയ്പുര്‍: യുവതിക്കൊപ്പമുള്ള രാജസ്ഥാന് ന്യൂനപക്ഷ മന്ത്രി സാലിഹ് മുഹമ്മദിന്റെ വീഡിയോ പുറത്തായതോടെ അശോക് ഗെലോട്ട് മന്ത്രിസഭയ്ക്കെതിരേ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഇതാദ്യമായല്ല സ്ത്രീയ്ക്കൊപ്പമുള്ള കോണ്‍ഗ്രസ് മന്ത്രിയുടെ വീഡിയോ പുറത്തുവരുന്നതെന്നും സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മന്ത്രിയും ഒരു സ്ത്രീയും അടിവസ്ത്രം മാത്രം ധരിച്ച് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇവരുടെ സംഭാഷണം വ്യക്തമല്ല. സംഭവത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മന്ത്രിയുടെ വീഡിയോ ആദ്യമായല്ല പുറത്താകുന്നതെന്നും മന്ത്രി സാലിഹ് മുഹമ്മദിനെ പിരിച്ചുവിടണമെന്നും വോട്ടുബാങ്ക് ലക്ഷ്യമിട്ട് മന്ത്രിയെ സംരക്ഷിക്കരുതെന്നും രാജസ്ഥാന് ബിജെപി ട്വീറ്റ് ചെയ്തു. സോണിയാ ഗാന്ധിയുമായി നേരിട്ടാണ് ഈ കുടുംബത്തിന് ബന്ധം. അശോക് ഗെലോട്ടിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ബിജെപി ആരോപിച്ചു. മുസ്ലീം സമുദായത്തിന്റെ ആത്മീയ ഗുരുവും മുന്‍ കാബിനറ്റ് മന്ത്രിയുമായ ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്.