ബെംഗളൂരു: മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി.റാവു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ബുധനാഴ്ച ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്, കെ.ജി.എഫ് 2 എന്നീ ചിത്രങ്ങളില്‍ നരാച്ചിയിലെ അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ത്യ മുഴുവന്‍ പ്രശസ്തനായ നടനാണ് കൃഷ്ണ ജി. റാവു. അവതരിപ്പിച്ചവയില്‍ ഭൂരിഭാഗവും സഹനടന്റെ വേഷമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2018-ല്‍ കെ.ജി.എഫ് ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം മുപ്പതിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. കെ.ജി.എഫ് ചാപ്റ്റര്‍ 2-ലെ ”നിങ്ങള്‍ക്കൊരുപദേശം തരാം, ഒരുകാലത്തും നിങ്ങളയാളെ എതിര്‍ത്തുനില്‍ക്കാന്‍ പോകരുത് സാര്‍” എന്ന റാവു അവതരിപ്പിച്ച താത്ത എന്ന കഥാപാത്രത്തിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ തൂഫാന്‍ എന്ന ഗാനത്തിലായിരുന്നു ഈ സംഭാഷണം.
‘നാനോ നാരായണപ്പ’യാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് അദ്ദേഹം എത്തുന്നത്. കെ.ജി.എഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് കൃഷ്ണ ജി റാവുവിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തി.