ദോഹ: സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍റ്റിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതും തുടര്‍ന്നുണ്ടായ വിവാദങ്ങളും പുതിയ തലത്തിലേക്ക്. മത്സരത്തിന്റെ മുക്കാല്‍ ഭാഗവും ക്രിസ്റ്റ്യാനൊ സൈഡ് ബെഞ്ചിലായിരുന്നു. 73-ാം മിനിറ്റിലാണ് ജാവോ ഫെലിക്സിനെ പിന്‍വലിച്ച് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് സൂപ്പര്‍ താരത്തെ കളത്തിലിറക്കിയത്. അപ്പോഴേക്കും പോര്‍ച്ചുഗല്‍ സുരക്ഷിത തീരത്ത് എത്തിയിരുന്നു. ക്രിസ്റ്റിയാനോയ്ക്ക് പകരം ഇറങ്ങിയ 21-കാരന്‍ ഗോണ്‍സാലോ റാമോസ് ഹാട്രിക് ഗോളുമായി മത്സരത്തില്‍ തിളങ്ങുകയും ചെയ്തു.
ഇതിന് പിന്നാലെ സബ്സ്റ്റിറ്റിയൂട്ടുകള്‍ക്കായി നടത്തിയ പരിശീലനത്തില്‍ റൊണാള്‍ഡോ പങ്കെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച താരങ്ങള്‍ ജിം സെഷനിലാണ് പങ്കെടുത്തത്. ക്രിസ്റ്റ്യാനോ സബ്സ്റ്റിറ്റിയൂട്ടുകളായ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങാത ജിമ്മില്‍ തുടരുകയായിരുന്നുവെന്നും ഡെയ്ലി മെയ്ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി താരം നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ പോര്‍ച്ചുഗീസ് ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ വേഗത്തില്‍ ലുസെയ്ല്‍ സ്റ്റേഡിയം വിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്റ്റാര്‍റ്റിങ് ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി ജീവിതപങ്കാളി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.
ഘാനയ്ക്കെതിരേ പെനാല്‍റ്റി സ്‌കോര്‍ ചെയ്ത് അഞ്ചു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡുമായാണ് ക്രിസ്റ്റിയാനോ റാണാള്‍ഡോ ഈ ലോകകപ്പ് തുടങ്ങിയത്. എന്നാല്‍, പിന്നീട് രണ്ടു കളികളില്‍ ഗോളടിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ, ഗ്രൂപ്പിലെ അവസാന മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയെ പിന്‍വലിച്ച് കോച്ച് ആന്ദ്രെ സില്‍വയെ ഇറക്കി. അതിന്റെ തുടര്‍ച്ചയായാണ് പ്രീ ക്വാര്‍ട്ടറില്‍ റോണോ ഇല്ലാത്ത ടീമിനെ ഇറക്കിയത്. കഴിഞ്ഞ 31 അന്താരാഷ്ട്ര മത്സരങ്ങളില്‍ ‘സി.ആര്‍. 7’നെ ബെഞ്ചിലിരുത്തി പോര്‍ച്ചുഗല്‍ ഇറങ്ങുന്നത് ഇതാദ്യമാണ്.