തിരുവനന്തപുരം: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ എട്ടുപേര്‍ പീഡിപ്പിച്ച സംഭവത്തിനുപിന്നില്‍ ലഹരി-സെക്സ് മാഫിയ സംഘമെന്ന് പോലീസ്. സ്ത്രീകളെ ലഹരിക്കടിമകളായി ഉപയോഗിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പോലീസ് സംശയിക്കുന്നത്.
പിടിയിലായ ഡി.വൈ.എഫ്.ഐ. നേതാവായ ജിനേഷിനെ കൂടാതെ ചില യുവജന നേതാക്കള്‍ കൂടി ഈ സംഘത്തിലുണ്ടെന്നാണ് നിഗമനം. ലഹരിക്കടത്തിന്റെ നേതൃത്വം സംഘാംഗമായ മറ്റൊരു പ്രമുഖ യുവജനസംഘടനാ നേതാവിനാണ്. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയ ഒരാള്‍ക്കും ലഹരിസംഘങ്ങളുമായി ബന്ധമുണ്ട്്.
ജിനേഷിന്റെ ഫോണില്‍നിന്നും ലഭിച്ച ദൃശ്യങ്ങളാണ് ലഹരി-സെക്സ് സംഘങ്ങളിലേക്ക് പോലീസിനെ എത്തിച്ചത്. വിവിധ സ്ഥലങ്ങളിലുള്ള 30 ഓളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഇവര്‍ മദ്യവും മറ്റ് ലഹരികളും ഉപയോഗിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ ഉണ്ടായിരുന്നു. മലയിന്‍കീഴിലെ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പങ്കുവച്ചത്. ഇപ്പോള്‍ പിടിയിലായ ആറുപേരെക്കൂടാതെ നിരവധി പേരിലേക്ക് ഈ നമ്പര്‍ എത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെല്ലാം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് മറ്റുള്ളവര്‍ക്ക് കൈമാറാനും ഭീഷണിപ്പെടുത്താനുമാണ്. ഇതേരീതിയില്‍ കൂടുതല്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലഹരി നല്കി അടിമയാക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് സംശയം.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് നിരവധി പെണ്‍കുട്ടികളെ സെക്സ് റാക്കറ്റിന്റെ വലയിലാക്കിയ പ്രമുഖനും പോലീസിന്റെ പട്ടികയിലുണ്ട്. ഇയാള്‍ മലയിന്‍കീഴിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ അവശ നിലയിലാണ്. നിരന്തരമായ പീഡനം പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും ബാധിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇതുകൊണ്ടാണോ മറ്റൊരാളോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.