KeralaNEWS

കുസാറ്റ് പ്രഫസര്‍ നിയമനം: ഒന്നാം റാങ്ക് ലഭിക്കാന്‍ ഇന്റര്‍വ്യൂ മാര്‍ക്കില്‍ അട്ടിമറി

തിരുവനന്തപുരം: എം.ജി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ (പി.വി.സി) ഡോ. സി.ടി. അരവിന്ദ്കുമാര്‍ ഒപ്പിട്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ ഭാര്യ ഡോ. കെ.ഉഷയ്ക്ക് കുസാറ്റ് പ്രഫസര്‍ നിയമനത്തിന് ഒന്നാം റാങ്ക് ലഭിക്കാന്‍ ഇന്റര്‍വ്യൂ മാര്‍ക്കില്‍ അട്ടിമറി നടന്നതായുള്ള രേഖകള്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി പുറത്തുവിട്ടു.

നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയവും അക്കാദമിക് യോഗ്യതയുള്ളവരെ പിന്തള്ളി അഭിമുഖത്തിന് 20ന് 19 മാര്‍ക്ക് ഡോ. ഉഷയ്ക്ക് നല്‍കിയാണ് ഒന്നാം റാങ്കില്‍ എത്തിച്ചത്. ഏറ്റവും കൂടുതല്‍ അക്കാദമിക് യോഗ്യതയുള്ള ഡോ. സോണി സി.ജോര്‍ജിന് 5 മാര്‍ക്കാണ് അഭിമുഖ ബോര്‍ഡ് നല്‍കിയത്. കുസാറ്റിലെ തന്നെ പരിസ്ഥിതി പഠന വകുപ്പില്‍ 21 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അസോസിയറ്റ് പ്രഫസര്‍ ഡോ. വി.ശിവാനന്ദന്‍ ആചാരിയും പിന്തള്ളപ്പെട്ടവരില്‍പെടുന്നു.

20 ല്‍ 14 മാര്‍ക്ക് (70%) അഭിമുഖത്തിനു നല്‍കാന്‍ വ്യവസ്ഥ ഉള്ളപ്പോഴാണ് കുസാറ്റ് 19 മാര്‍ക്ക് നല്‍കിയിരിക്കുന്നത്. മറ്റു സര്‍വകലാശാലകളും അഭിമുഖത്തിനു പിഎസ്സിയുടെ മാതൃകയാണ് പിന്തുടരുന്നത്. ഭര്‍ത്താവായ ഡോ. സി.ടി അരവിന്ദ് കുമാറുമായി യോജിച്ച് പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും വിലയിരുത്തി നിശ്ചയിച്ചിട്ടുള്ള പരമാവധി മുഴുവന്‍ മാര്‍ക്കും ഈ ഇനത്തില്‍ അഭിമുഖത്തിന് ഉഷയ്ക്ക് നേടാനായി. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍.മധുസൂദനന്‍ അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റിയാണ് ഡോ. ഉഷയ്ക്ക് ഒന്നാം റാങ്ക് നല്‍കിയത്. വിവരാവകാശത്തിലൂടെ രേഖകള്‍ ശേഖരിച്ചപ്പോഴാണ് നിയമനത്തിലെ തിരിമറി പുറത്തറിഞ്ഞതെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി പറഞ്ഞു.

Back to top button
error: