BusinessTRENDING

ആമസോണിൽ വൻ സാമ്പത്തിക പ്രതിസന്ധി; 20,000 ജീവനക്കാരെ ഉടനെ പിരിച്ചുവിട്ടേക്കും, മുൻപ് പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്ന കണക്കിന്റെ ഇരട്ടി!

വാഷിങ്ടൺ: ആമസോണിൽ വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. പ്രതിസന്ധിയെത്തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനിയിലെ 20,000 ജീവനക്കാരെ ഉടനെ പിരിച്ചുവിടുമെന്നാണ് സൂചന. നേരത്തെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്ന കണക്കിന്റെ ഇരട്ടിയാണിത്. ആമസോണിന്റെ മിക്ക പ്രദേശങ്ങളിലുമുള്ള , വിവിധ ഡിപ്പാർട്ട്‌മെന്റുകളിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് ഇത്തരത്തിൽ പിരിച്ചുവിടുന്നത്. വരും മാസങ്ങളിൽ പിരിച്ചുവിടൽ വർധിപ്പിക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിടൽ എത്ര ജീവനക്കാരെ ബാധിക്കുമെന്ന് പറഞ്ഞിട്ടില്ല.

എല്ലാ തലത്തിലും ഉള്ളവരെ ഇത് ബാധിക്കുമെന്നാണ് സൂചന. ജീവനക്കാരുടെ പ്രവർത്തന മികവ് അടിയന്തരമായി വിലയിരുത്തണമെന്ന് കമ്പനി മാനേജർമാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. നേരത്തെ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ.കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയിരിക്കും ആമസോണിൽ നടക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു.

Signature-ad

കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന. നേരത്തെ ആമസോണിന് ഒരു ലക്ഷം കോടി ഡോളർ അഥവാ ഇന്ത്യൻ രൂപ ഏകദേശം 81 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നിരുന്നു. ഇത്രയും തുകയുടെ നഷ്ടമുണ്ടാകുന്ന ആദ്യത്തെ പൊതുമേഖലാ കമ്പനിയെന്ന റെക്കോർഡ് ഇനി ആമസോണിന് സ്വന്തം. ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനിയാണ് ആമസോൺ. 2021 ൽ 1.88 ലക്ഷം കോടി ഡോളറ്‍ ആസ്ഥിയുണ്ടായിരുന്നു കമ്പനിയ്ക്ക്. കഴിഞ്ഞയാഴ്ച അത് ഇടിഞ്ഞ് ഏകദേശം 87900 കോടി ഡോളറായി മാറി. ഞെട്ടിക്കുന്ന തകർച്ച എന്ന ഹെഡ്ലൈനോടെയാണ് മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പിരിച്ചുവിടൽ നടപടി അവതരിപ്പിക്കുന്നത്.

Back to top button
error: