Movie

പാപ്പനംകോട് ലക്ഷ്മണൻ, മലയാളത്തിലെ കൊമേഴ്സിൽ സിനിമയുടെ തലതൊട്ടപ്പൻ

സിനിമ ഓർമ്മ

മലയാളത്തിലെ കൊമേഴ്സിൽ സിനിമയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാവുന്ന നാമമാണ് പാപ്പനംകോട് ലക്ഷ്മണൻ. അദ്ദേഹം കഥയും തിരക്കഥയും രചിച്ച 100 ഓളം ചിത്രങ്ങളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റുകളായിരുന്നു. എഴുതിയ 90ലധികം ഗാനങ്ങളിൽ പലതും ഇന്നും മലയാളിയുടെ നാവിൻ തുമ്പിൽ തത്തിക്കളിക്കുന്നുണ്ട്. പക്ഷേ എങ്ങനെയോ പാപ്പനംകോട് ലക്ഷ്മണൻ മലയാള സിനിമയുടെ ചരിത്രത്തിൽ നിന്നും വിസ്മൃതനായി പോവുകയും ചെയ്തു.

Signature-ad

കലാനിലയം നാടക വേദിയിലൂടെയാണ് അദ്ദേഹം കലാരംഗത്തേക്ക് കടന്ന് വരുന്നത്. ദക്ഷിണാമൂർത്തി ഈണം പകർന്ന് പാപ്പനംകോട് ലക്ഷ്മണൻ രചിച്ച ‘സൽക്കലാ ദേവിതൻ ശില്പഗോപുരങ്ങളെ’ എന്ന കലാനിലയം നാടകങ്ങളുടെ അവതരണ ഗാനം ഒരു കാലഘട്ടം മുഴുവൻ കേരളത്തിൽ അലയടിച്ചു. (ഈ ഗാനം പിന്നീട് ഇന്ദുലേഖ എന്ന ചിത്രത്തിലും ഉൾപ്പെടുത്തി.) കലാനിലയം നാടകങ്ങളിൽ ഹാസ്യ നടനായും ലക്ഷ്മണൻ തിളങ്ങി. 1976 മേരിലാൻഡിന്റെ ‘ഉദ്യാനലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ സിനിമാപ്രവേശനം. പിന്നീട് പിക്പോക്കറ്റ് കായംകുളം കൊച്ചുണ്ണിയുടെ മകൻ മിനിമോൾ അങ്ങനെ പ്രേക്ഷകരെ ഇളക്കിമറിച്ച എത്രയോ ചിത്രങ്ങൾ. ജയൻ നായകനായ ജോഷി സംവിധാനം ചെയ്ത ‘മൂർഖൻ’ തുടങ്ങി അദ്ദേഹം രചന നിർവഹിച്ച ചിത്രങ്ങളുടെ നിരനീണ്ടതാണ്.

തിരക്കഥാകൃത്ത് ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ പ്രശസ്തനായിരുന്ന പാപ്പനംകോട് ലക്ഷ്‌മണന്റെ ജന്മദിനമാണ് ഡിസംബർ 6. മനുഷ്യമൃഗം, എൻ എച്ച് 47, അങ്കക്കുറി, ഇത്തിക്കരപ്പക്കി, ചന്ദ്രഹാസം തുടങ്ങിയവയാണ് അദ്ദേഹം തിരക്കഥയെഴുതിയ മറ്റ്ചില ഹിറ്റുകൾ. ഗാനങ്ങളിൽ 1967-ൽ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’യിലെ ‘സൽക്കലാ ദേവി തൻ ചിത്രഗോപുരങ്ങളേ, സർഗ്ഗസംഗീതമുയർത്തൂ’ ആയിരുന്നു തുടക്കം. 90-ലധികം ഗാനങ്ങളെഴുതി. കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ‘മൈലാഞ്ചിക്കാട്ടില് പാറിപ്പറന്നു വരും മണിവർണ്ണപ്പൊന്മാനേ’, ‘മുറ്റത്തെ മുല്ല’യിലെ ‘മനം പോലെയാണോ മംഗല്യം’ തുടങ്ങിയവയായിരുന്നു ആദ്യകാല ഹിറ്റുകൾ.

പ്രേംനസീറിനെ കോമഡിക്കാർ അനുകരിക്കുമ്പോൾ ഉപയോഗിക്കാറുള്ള ‘ജിൻ ജിന്നാക്കടി’ എന്ന വാക്ക് പാപ്പനംകോട് ലക്ഷ്മണൻ രതിമന്മഥൻ എന്ന ചിത്രത്തിന് വേണ്ടിയെഴുതിയ ഗാനത്തിലുള്ളതാണ്. ജയനെ ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ‘കസ്തൂരിമാൻ മിഴി മലർശരമെയ്തു’ അദ്ദേഹത്തിന്റെ മറ്റൊരു സർവകാല ഹിറ്റ്.

യേശുദാസിന്റെ ഭാവഗാനങ്ങളിൽ എണ്ണപ്പെട്ട ‘ഇന്ദുവദനേ നിൻ മന്ദഹാസത്തിൽ ഇതൾ വിടരുന്നത് മുകുളമോ എന്റെ ഹൃദയമോ’ (ചിത്രം കനൽക്കട്ടകൾ), ജയചന്ദ്രന്റെ പ്രണയഗാനങ്ങളിൽ മുൻനിരയിലുള്ള ‘സ്വപ്നഹാരമണിഞ്ഞെത്തും മദനചന്ദ്രികയോ’ (ചിത്രം പിക്‌പോക്കറ്റ്), എസ്‌.പി ബാലസുബ്രമഹ്ണ്യം പാടിയ ‘മധുമൊഴിയോ’ (ചിത്രം ഇതിഹാസം) പാപ്പനംകോടിന്റെ തൂലികയിൽ പിറന്നവയാണ്.

കലാനിലയത്തിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ രാജമ്മയാണ് പാപ്പനംകോട് ലക്ഷ്മണന്റെ ജീവിത സഖി. 1998-ൽ അറുപത്തിയൊന്നാം വയസ്സിലായിരുന്നു അന്ത്യം.

സമ്പാദകൻ: സുനിൽ കെ.ചെറിയാൻ

Back to top button
error: