റിയാദ്: സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടപദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സൗദി അറേബ്യയിലെ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം. സൗദി പൗരന്മാര്ക്ക് 170,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന തൗതീന്‍ (പ്രാദേശികവല്‍ക്കരണം) പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപനം മന്ത്രി അഹമ്മദ് അല്‍ റാജ്ഹി നിര്‍വഹിച്ചു. സ്കില്‍ഡ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാവുന്ന തീരുമാനമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വ്യാവസായിക മേഖലയില്‍ 25,000 തസ്തികകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലാണ് സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ 20,000, ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളില്‍ 20,000, റിയല്‍ എസ്റ്റേറ്റിലും നിര്‍മ്മാണ മേഖലയിലും 20,000, ടൂറിസം മേഖലയില്‍ 30,000, വ്യാപാര മേഖലയില്‍ 15,000, മറ്റ് മേഖലകളില്‍ 40,000 എന്നിങ്ങനെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി കണ്ടെത്താനാണ് പദ്ധതിയിടുന്നത്.
സ്വദേശിവത്ക്കരണ പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ നേടിയ വിജയമാണ് തൊഴില്‍ തന്ത്രത്തിന്റെയും വിഷന്‍ 2030ന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള പ്രോത്സാഹനമെന്ന് തൗതീന്‍ പ്രഖ്യാപന ചടങ്ങില്‍ മന്ത്രി അല്‍ റാജ്ഹി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ കൂടുതല്‍ സാങ്കേതിക ജ്ഞാനം ആവശ്യമില്ലാത്ത മേഖലകളെയായിരുന്നു പ്രധാനമായും പരിഗണിച്ചിരുന്നത്. ഇതുവഴി 1.7 ലക്ഷത്തിലേറെ സൗദി യുവതീ യുവാക്കള്‍ക്ക് ഈ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് തൗതീന്‍ 2 പദ്ധതി ലക്ഷ്യമിടുന്നതെന്നും അല്‍ റാജ്ഹി ചൂണ്ടിക്കാട്ടി.
രാജ്യത്തെ തൊഴിലില്ലായ്മയുടെ അളവ് ഏഴു ശതമാനത്തില്‍ താഴെ എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം, വാണിജ്യം, ഗതാഗതം- ലോജിസ്റ്റിക് സേവനം, ആരോഗ്യം, മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം; വ്യവസായ, ധാതു വിഭവ മന്ത്രാലയം തുടങ്ങിയ മന്ത്രാലയത്തിന് കീഴില്‍ വരുന്ന സൂപ്പര്‍ വൈസറി ജോലികളിലാണ് സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തൊഴില്‍ വിപണിയില്‍ ആവശ്യമായ സ്പെഷ്യലൈസേഷനുകള്‍ തിരിച്ചറിയുക എന്നതാണ് തൗതീന്‍ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച തൊഴില്‍ പരിശീലനം ലഭ്യമാക്കുന്നതിന് ‘സ്കില്‍സ് ആക്സിലറേറ്റര്‍ ആന്‍ഡ് ട്രെയിനിംഗ്’ എന്ന പേരില്‍ ഒരു സംരംഭം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.