മോസ്‌ക്കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കോണിപ്പടിയില്‍ നിന്ന് വഴുതി വീണ് പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. മോസ്‌ക്കോയിലെ ഔദ്യോഗിക വസതിയില്‍ വച്ചാണ് അപകടം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുടിന്റെ ആരോഗ്യം സംബന്ധിച്ച് നേരെത്തെ തന്നെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം കോണിപ്പടിയില്‍ നിന്ന് വീണതായുള്ള വാര്‍ത്തകളും വരുന്നത്.
വീഴ്ചയുടെ ആഘാതത്തില്‍ അദ്ദേഹം മലമൂത്ര വിസര്‍ജനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പുടിന്‍ കോണിപ്പടികള്‍ ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീഴ്ചയില്‍ നടുവിന് പരിക്കേറ്റതായും വാര്‍ത്തകളുണ്ട്.
വീണ ഉടനെത്തന്നെ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി. തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യ സഹായം നല്‍കി. പുടിന് വയറിനെയും കുടലിനെയും ബാധിക്കുന്ന അര്‍ബുദം സ്ഥിരീകരിച്ചിരുന്നതായും അതിന്റെ ഫലമായാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസര്‍ജനം സംഭവിച്ചതെന്നും പുടിന്റെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വഴുതി വീഴുന്നത് തടയാനുള്ള ചെരുപ്പുകളാണ് പുടിന്‍ വീട്ടില്‍ ധരിക്കാറുള്ളത്. എന്നിട്ടും അപകടം സംഭവിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.