Health

മലയാളികൾക്ക് കറുപ്പ് നിറം അനുഗ്രഹം, സ്കിൻ കാൻസർ കുറയുന്നതിന് കാരണം കറുപ്പ് നിറമെന്ന് പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ.വി.പി ഗംഗാധരൻ

കറുപ്പ് നിറമുള്ളവർക്ക് സന്തോഷിക്കാം. കരണം ശരീരത്തിലെ കറുപ്പ് നിറം സ്കിൻ കാൻസറിനെ പ്രതിരോധിക്കുമെന്ന് പ്രശസ്ത കാൻസർരോഗ വിദഗ്ധൻ ഡോക്ടർ വി.പി ഗംഗാധരൻ പറയുന്നു. മലയാളികൾക്കിടയിൽ സ്കിൻ കാൻസർ കുറയുന്നതിനു കാരണം ശരീരത്തിന്റെ കറുപ്പ് നിറം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140 വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ‘വിചാര സായാഹ്ന’ത്തിൽ ‘കാൻസർ സത്യവും മിഥ്യയും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്കിൻ കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി മലയാളിയുടെ ശരീരത്തിൽ തന്നെയുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർ വെയിൽ കായുന്നത് തങ്ങളുടെ വെളുപ്പ് നിറത്തിൽ രോഗപ്രതിരോധശേഷി കൂട്ടുന്നതിനു വേണ്ടിയാണ്. എന്നാൽ നമ്മൾ ആകട്ടെ ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങി വെളുപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗം വരുന്നതിനേക്കാൾ ഉപരി പ്രതിരോധിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഭക്ഷണക്രമത്തിലും വ്യായാമത്തിലൂടെയും കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. ഇത് തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് നടത്തേണ്ടത്. സ്ത്രീകൾക്കിടയിൽ ചെറുപ്പത്തിൽ തന്നെ സ്ഥാനാർബുദം വർദ്ധിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. മണർകാട് സെൻ്റ്മേരിസ് കോളജ് പ്രിൻസിപ്പൽ ഡോക്ടർ പുന്നൻ കുര്യൻ വേങ്കടത്ത് മോഡറേറ്റർ ആയിരുന്നു. പബ്ലിക് ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടിച്ചെറിയ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Back to top button
error: