CrimeNEWS

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ തന്റെ സഹോദരനും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്ന് വെളിപ്പെടുത്തല്‍ നടത്തിയ കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് കോടതിയില്‍ മൊഴിമാറ്റി.

ജനുവരിയില്‍ ആത്മഹത്യചെയ്ത കുണ്ടമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളും ആശ്രമം കത്തിച്ചുവെന്നായിരുന്നു സഹോദരന്‍ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയിരുന്നത്. ആശ്രമത്തിന് തീയിട്ടകാര്യം മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് സഹോദരന്‍ തന്നോട് വെളിപ്പെടുത്തിയതായി പ്രശാന്ത് പറഞ്ഞിരുന്നു. എന്നാല്‍, കോടതിയില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ പ്രശാന്ത് ഇക്കാര്യം നിഷേധിച്ചു. സഹോദരനെതിരെ മൊഴി നല്‍കിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദത്തിലാണെന്നാണ് പ്രശാന്ത് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് കേസില്‍ ക്രൈംബ്രാഞ്ചിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമം തീവെച്ച് നശിപ്പിക്കപ്പെട്ടത്. മൂന്നു വാഹനങ്ങളും കത്തിനശിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴുണ്ടായ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചു.

ആത്മഹത്യചെയ്യുന്നതിന് ഏതാനും ദിവസംമുമ്പാണ് ആശ്രമം കത്തിച്ചകാര്യം പ്രകാശ് പറഞ്ഞതെന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. കുണ്ടമണ്‍കടവിലെ ചില സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഇത് നടത്തിയതെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം അദ്ദേഹം മാധ്യമങ്ങളോടും പറഞ്ഞിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദത്തിലാണ് ഇത്തരമൊരു മൊഴി നല്‍കിയതെന്നാണ് പ്രശാന്ത് ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. മൊഴി മാറ്റാനിടയായ സാഹചര്യം അറിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

2022 ജനുവരിയിലാണ് പ്രകാശ് ആത്മഹത്യചെയ്തത്. മരിക്കുന്നതിന് തലേദിവസം പ്രകാശിനെ ചിലര്‍ മര്‍ദിച്ചിരുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മലയിന്‍കീഴ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിനശിച്ചതുമായി ബന്ധപ്പെട്ട ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം പ്രകാശന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ലോക്കല്‍ പോലീസില്‍നിന്ന് വാങ്ങി പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് സഹോദരന്‍ പ്രശാന്തിനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.

 

 

Back to top button
error: