KeralaNEWS

എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയുടെ മരണം: വെള്ളാപ്പള്ളി ഒന്നാം പ്രതി

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ മരണത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ.എല്‍.അശോകന്‍, മകനും വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

ഗൂഢാലോചന, ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. മൈക്രോഫിനാന്‍സ് കേസില്‍ മഹേശനെ പ്രതിയാക്കിയതില്‍ ഗൂഢാലോചനയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പ്രതികള്‍ മഹേശനെ മാനസിക സമ്മര്‍ദത്തിലാക്കിയെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം, മൂന്നു പേര്‍ക്കുമെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (2) യുടെ ഉത്തവിട്ടിരുന്നു.

Signature-ad

മൂന്നുപേര്‍ക്കുമെതിരേ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ച് മഹേശന്റെ ഭാര്യ ഉഷാദേവി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ മൂന്നുപേരെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. നേരത്തെ ഈ ആവശ്യവുമായി ഉഷാദേവി ആലപ്പുഴ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഇത് ശരിവച്ച ഹൈക്കോടതി ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മജിസ്‌ട്രേട്ട് കോടതിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ആലപ്പുഴ കോടതിയുടെ നടപടി.

 

 

Back to top button
error: