പാലക്കാട്: ഛത്തീസ്ഗിഡല്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ് ജവാന്‍ ധോണി പയറ്റാംകുന്ന് ഇ.എം.എസ് നഗര്‍ ദാറുസലാമില്‍ മുഹമ്മദ് ഹക്കീമിന്റെ (35) സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 9 നു ഉമ്മിനി ഗവ.സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം 11 നു സൈനിക ബഹുമതികളോടെ ഉമ്മിനി ജുമാ മസ്ജിദില്‍ കബറടക്കും.
സുക്മ ജില്ലയിലെ ചിന്റഗുഫ വനത്തില്‍ ഈയിടെ സ്ഥാപിച്ച സൈനിക ക്യാംപിന് നേരെ 29 ന് വൈകിട്ട് അഞ്ചോടെയായിരുന്നു ആക്രമണം. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയാണ് ക്യാമ്പ്. വെടിയേറ്റ ഹക്കീമിനെ ജഗല്‍പൂരിലെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തീവ്ര പരിശീലനം ലഭിച്ച കോബ്ര ബറ്റാലിയന്‍ എലൈറ്റ് യൂണിറ്റിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ഹക്കീം.
കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിച്ച ഹക്കീമിന്റെ ഭൗതിക ശരീരം വാളയാര്‍ അതിര്‍ത്തിയില്‍ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് സേനയുടെ അകമ്പടിയോടെ ആംബുലന്‍സില്‍ രാത്രിയോടെയാണ് ധോണിയിലെ വീട്ടിലെത്തിച്ചത്.മുന്‍ ഹോക്കി താരമായ ഹക്കീം 2007 ലാണ് സി.ആര്‍.പി.എഫില്‍ ചേര്‍ന്നത്. രണ്ടു മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യ: റംസീന. മകള്‍: അഫ്സീന ഫാത്തിമ.