ന്യൂഡല്‍ഹി: ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ തകര്‍ക്കാന്‍ ഇന്ത്യന്‍ സേന പരുന്തുകള്‍ക്ക് പരിശീലനം നല്‍കുന്നു. സേന തന്നെ സൃഷ്ടിച്ച കൃത്രിമ സാഹചര്യങ്ങളിലൂടെ പരിശീലനം നേടിയ അര്‍ജുന്‍ എന്ന പരുന്ത് ഡ്രോണുകളെ തകര്‍ത്തു. പ്രതിവര്‍ഷം ഇന്ത്യയും യു.എസും സംയുക്തമായി നടത്തുന്ന പരിശീലനത്തിലാണ് പരുന്തുകളുടെ മികവ് പ്രകടമായത്.
പരുന്തുകളെ ഉപയോഗിച്ച് ഇത്തരത്തിലൊരു അഭ്യാസം ഇന്ത്യന്‍ സേനയുടെ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തരാഖണ്ഡില്‍ നടക്കുന്ന സംയുക്ത യുദ്ധ് അഭ്യാസ് പരിശീലനത്തിനിടെ പരുന്തിന്റെ പ്രകടനത്തിന്റെ പ്രദര്‍ശനവുമുണ്ടായിരുന്നു. ഡ്രോണിന്റെ സ്ഥാനം കണ്ടെത്തി അതിനെ വായുവില്‍ വെച്ചുതന്നെ നശിപ്പിക്കുകയാണ് പരുന്തുകളുടെ ജോലി.
പരുന്ത് മാത്രമല്ല ഡ്രോണുകളെ നശിപ്പിക്കാന്‍ നായകള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. പാകിസ്താനില്‍ നിന്നും മറ്റും എത്തുന്ന ഡ്രോണുകളുടെ ലൊക്കേഷന്‍ കണ്ടെത്തി നശിപ്പിക്കാനാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഡ്രോണുകളുടെ ശബ്ദം കേട്ട് സേനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് നായ്്ക്കള്‍ ചെയ്യുന്നത്.