KeralaNEWS

അദാനിയുടെ നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന തുറമുഖവിരുദ്ധ സമരത്തിനെതിരേ ശക്തമായ നിലപാടുമായി സര്‍ക്കാര്‍. സമരംകാരണം അദാനി ഗ്രൂപ്പിനുണ്ടായ 200 കോടി രൂപയുടെ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനാണ് ആലോചന. ഇക്കാര്യം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കാനാണ് ധാരണ. സമരത്തിനെതിരേ അദാനി നല്‍കിയ കേസ് ഇന്നു കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തത്. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന് (വിസില്‍) അദാനി ഗ്രൂപ്പ് നേരത്തേ കത്ത് നല്‍കിയിരുന്നു. പ്രതിഷേധം കാരണമുണ്ടായ നഷ്ടപരിഹാരമായി പൊതുപണം നല്‍കേണ്ടതില്ലെന്നും സമരക്കാരില്‍നിന്ന് അത് ഈടാക്കണമെന്നുമാണ് വിസില്‍ ശിപാര്‍ശ ചെയ്തത്. കരണ്‍ അദാനിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തി പദ്ധതിയുടെ നിര്‍മാണത്തിന് വേഗംകൂട്ടാന്‍ തീരുമാനിച്ചിരുന്നു.

സര്‍ക്കാര്‍ നിലപാടുകളോട് അതിരൂപത നിരന്തരം മുഖം തിരിക്കുന്നതും ശനിയാഴ്ച വിഴിഞ്ഞത്ത് പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തതോടെ, സമീപനത്തില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയത്. നഷ്ടപരിഹാരം സമരക്കാരില്‍നിന്ന് ഈടാക്കണമെന്ന ശിപാര്‍ശ അംഗീകരിക്കാന്‍ തുറമുഖ വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കാനാണ് ധാരണ.

Signature-ad

വെള്ളിയാഴ്ച രാവിലെ ചീഫ് സെക്രട്ടറിയും വൈകിട്ട് മുഖ്യമന്ത്രിയും അതിരൂപതയുമായുള്ള ചര്‍ച്ചകള്‍ക്കായി ഏറെ നേരം കാത്തിരുന്നെങ്കിലും പ്രതിനിധികളാരുമെത്തിയില്ല. ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് ഞായറാഴ്ച സമരസമിതി പ്രതിനിധികള്‍ മന്ത്രി വി. ശിവന്‍കുട്ടിയെ സമീപിച്ചു. തനിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ് അവരെ മന്ത്രി തിരിച്ചയച്ചു.

105 ദിവസമായി ലത്തീന്‍ അതിരൂപത വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സമരം നടത്തുകയാണ്. തുറമുഖത്തിന്റെ പണിയും മുടങ്ങി. വിദേശത്ത് നിന്ന് എത്തിച്ച ബാര്‍ജുകളുള്‍പ്പെടെ നിര്‍മാണ സാമഗ്രികള്‍ പല തുറമുഖങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഇവയുടെ വാടകയിനത്തില്‍ ദിവസവും ലക്ഷങ്ങളാണ് നഷ്ടം. തുറമുഖം സമയബന്ധിതമായി പണി തീര്‍ക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്ന് അടിയന്തിരമായി ബാര്‍ജുകള്‍ എത്തിച്ചത്.

Back to top button
error: