കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനത്തില്‍ ഹൈക്കോടതി വിധി പൂർണമായി അനുസരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയെ എല്ലാവരും ബഹുമാനിക്കണണെന്നും ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് പറഞ്ഞു.
അതേസമയം, സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ . സിസ തോമസിനെ ഗവർണർ നിയമിച്ചത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ഇത്തരം ഘട്ടങ്ങളിൽ മറ്റെതെങ്കിലും സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കോ പ്രോവൈസ് ചാൻസലർക്കോ ചുമതല നൽകുകയാണ് പതിവെന്നാണ് സർക്കാർ വാദം. സിസ തോമസിന്‍റെ പേര് ആരാണ് ശൂപാർശ ചെയ്തതെന്ന് ഗവർണറോട് കഴിഞ്ഞ ദിവസം കോടതി പലവട്ടം ആരാഞ്ഞിരുന്നു. എന്നാൽ സർക്കാർ നിർദേശിച്ചവർ യോഗ്യരല്ലാത്തവർ ആയതിനാൽ സ്വന്തം നിലയ്ക്ക് കണ്ടെത്തിയെന്നായിരുന്നു ഗവർണറുടെ മറുപടി.
സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളുടെ അവസ്ഥയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് താൽക്കാലിക വൈസ് ചാൻസലർ നിയമനം എങ്ങനെയായിരുന്നെന്ന ചോദ്യം കോടതി ആവർത്തിച്ചാരാഞ്ഞത്. വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടാൻ പറ്റില്ല. സർവകലാശാല സംവിധാനത്തിലുളള വിശ്വാസം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരാമർശിച്ചു.
മറ്റ് സർവകലാശാലകളിലെ യോഗ്യരായ വിസിമാരും പ്രോ വൈസ് ചാൻസലർമാരും ഉണ്ടായിട്ടും സിസ തോമസിനെ ഗവർണർ എങ്ങനെയാണ് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു. ഗവർണറുടേത് ഏകപക്ഷീയമായ തീരുമാനമായിരുന്നെന്നും സർക്കാരിനോട് ഫോണിൽ പോലും ചോദിച്ചില്ലെന്നും എജി മറുപടി നൽകി. സർക്കാരുമായി കൂടിയാലോച്ചേ വൈസ് ചാൻസലറെ നിയമിക്കാവൂ എന്ന ചട്ടം ഗവർണർ ലംഘിച്ചെന്നും സർക്കാർ അറിയിച്ചു. എന്നാൽ സർക്കാർ നൽകിയ പേരുകാർക്ക് വേണ്ടത്ര യോഗ്യതയില്ലായിരുന്നെന്നും മികച്ചയാളെയാണ് ചുമതലപ്പെടുത്തിയതെന്നും ഗവർണറും നിലപാടെടുത്തു.