KeralaNEWS

വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസിനോട് സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം; അവധിയിലുള്ളവർ തിരികെ എത്തണം

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ പൊലീസിനോട് സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം. തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ ശ്രമം തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായി മാറിയ സാഹചര്യത്തിലാണ് പൊലീസിന് ജാഗ്രതാ നിര്‍ദേശം. സജ്ജരായിരിക്കാനാണ് നിർദ്ദേശം. അവധിയിലുള്ളവർ തിരികെയെത്തണം. വിഴിഞ്ഞത്തിന് പുറമെ മറ്റ് തീരമേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നിർത്തിവയ്ക്കുന്നത് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് നിർമ്മാണ സാമഗ്രികൾ അദാനി പോർട്ട് അധികൃതർ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. ഹൈക്കോടതി വിധി അനുസരിച്ച് സൗകര്യം പൊലീസ് ഒരുക്കണം. വിവരമറിഞ്ഞ് രാവിലെ മുതൽ സമരക്കാർ സജ്ജരായി. തുറമുഖത്തെ അനുകൂലിക്കുന്ന പ്രദേശവാസികൾ കൂടി സംഘടിച്ചതോടെ സംഘർഷാവസ്ഥയായി. കനത്ത പൊലീസ് വിന്യാസം നിലനിൽക്കെയാണ് 27 ലോറികളിൽ നിർമ്മാണ സാമാഗ്രികളെത്തിച്ചത്. സമരപ്പന്തൽ മറികടന്ന് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ പക്ഷേ വാഹനങ്ങൾക്കായില്ല.

Signature-ad

ഇതോടെ ഇരു ചേരികൾ തമ്മില്‍ സംഘർഷമായി. കയ്യിൽ കിട്ടിയതെല്ലാം പരസ്പരം എറിഞ്ഞും വൻ പ്രകോപനം ഉണ്ടാക്കിയും പ്രതിഷേധക്കാർ മുന്നേറി. മൂന്ന് മണിക്കൂറോളം സംഘർഷം നീണ്ടു. വളരെ പണിപ്പെട്ടാണ് പൊലീസ് സ്ഥിതി നിയന്ത്രിച്ചത്. സമരക്കാർ വാഹനങ്ങൾക്ക് നേരെ തിരിഞ്ഞതോടെ പിന്നെ നിൽക്കക്കള്ളിയില്ലാതായി. വാഹനങ്ങൾ തിരിച്ച് പോയി. പ്രദേശത്ത് പിന്നെയും സംഘർഷാവസ്ഥ തുടർന്നു.

Back to top button
error: