ബ്രിട്ടനിൽ സർക്കാർ സർവീസിലുള്ള നഴ്സുമാർ വേതന വർധന ആവശ്യപ്പെട്ട് ഡിസംബർ 15 നും 20 നും പണിമുടക്കു നടത്തുന്നു. ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമാണു നഴ്സുമാരുടെ സംഘടന പണിമുടക്കിൽ ഏർപ്പെടുന്നത്. സർക്കാരുമായി പലവട്ടം ചർച്ച നടന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണിത്.
കടുത്ത സാമ്പത്തികപ്രതിസന്ധിക്കു നടുവിൽ നഴ്സുമാരുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്നാണു ആരോഗ്യമന്ത്രി സ്റ്റീവ് ബാർക്ലേ വ്യക്തമാക്കിയത്.
നഴ്സുമാരുടെ സമരം ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനു കടുത്ത വെല്ലുവിളി ഉയർത്തുന്നതിനിടെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യു.കെയിൽ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കങ്ങളും പ്രധാനമന്ത്രി ആരംഭിച്ചതായി റിപ്പോർട്ടുകൾ. സമീപകാലത്തായി യു.കെയിലേക്കുള്ള കുടിയേറ്റം കുത്തനെ വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ വംശജനായ ഋഷി ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായപ്പോള്‍ അഭിമാനപുളകിതരായ ഇന്ത്യന്‍ യുവാക്കള്‍ക്ക് പുതിയ തീരുമാനങ്ങള്‍ തിരിച്ചടിയാകും. നിലവാരം കുറഞ്ഞ കോഴ്സുകളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ആശ്രിതരെ യു.കെയിലേക്ക് കൊണ്ടുവരുന്നത് തടയാന്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് സുനക്കിന്‍റെ ഓഫീസ് അറിയിച്ചു. പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.കെയിലേക്ക് കുടിയേറാന്‍ സ്വപ്നം കാണുന്നവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ തീരുമാനങ്ങള്‍ വലിയ തിരിച്ചടിയാകും. കോവിഡിന് ശേഷം ഇന്ത്യയില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനത്തിനായി യു.കെയിലേക്ക് പോയത്.
എന്നാൽ ഏത് ഡിഗ്രിയാണ് ഗുണനിലവാരമില്ലാത്തത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അത്തരമൊരു തീരുമാനം എടുത്താല്‍ പല സര്‍വകലാശാലകളും വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്‍റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. താല്‍ക്കാലികമായി എത്തുന്ന വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരായി കണക്കാക്കരുതെന്നാണ് ഇന്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെടുന്നത്.