പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ നിന്നോ കേരളത്തില്‍ നിന്നോ അമിത് ഷാ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. അമിത് ഷാ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രമുഖനെ ഇറക്കി കളം നിറയാനാണ് ബിജെപി തന്ത്രം. ബിജെപിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാന്‍ ഇപ്പോള്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് അമിത് ഷായെ മത്സരിപ്പിക്കുന്ന കാര്യവും ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ബിജെപിക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായതിനാല്‍ തിരുവനന്തപുരം എളുപ്പത്തില്‍ പിടിക്കാന്‍ കഴിയുമെന്നും അതിലൂടെ ദക്ഷിണേന്ത്യയില്‍ മുഴുവന്‍ ചലനം സൃഷ്ടിക്കാമെന്നുമാണ് ബിജെപി കരുതുന്നത്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍ പദ്ധതികളാണ് ബിജെപി തയ്യാറാക്കുന്നത്. തെന്നിന്ത്യയില്‍ തേരോട്ടം നടത്താനാണ് ബിജെപിയുടെ ലക്ഷ്യം. തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കുക എന്നതാണ് ഇതിൽ പ്രധാനം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ആറ് കോൺഗ്രസ് നേതാക്കൾ തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.