ഫേസ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നൽകി യുവതി തട്ടിയെടുത്തത് 40 ലക്ഷം രൂപ. കർണാടകയിലെ വിജയപുരയിലാണ് സംഭവം. ഐഎഎസ് ഓഫീസർ എന്ന് പരിചയപ്പെടുത്തിയാണ് ഇവർ ഫേസ്ബുക്ക് ചാറ്റിങ്ങിലൂടെ 40 ലക്ഷം രൂപ തട്ടിയെടുത്തത്. ബഗലൂർ വില്ലേജിൽ താമസിക്കുന്ന പരമേശ്വർ ഹിപ്പാർഗിയാണ് യുവതിക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പരമേശ്വർ. ഏതാനും മാസങ്ങൾക്കു മുൻപാണ് കെ ആർ മഞ്ജുള എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്ന് ഇയാൾക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇയാൾ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തതോടെ ഇരുവരും തമ്മിൽ സൗഹൃദമായി. പിന്നെ സ്ഥിരമായി ചാറ്റിങ് ആരംഭിച്ചു. സൗഹൃദ സംഭാഷണത്തിൽ തുടങ്ങിയ സംസാരം പിന്നീട് പ്രണയത്തിലേക്കും ഒടുവിൽ വിവാഹാലോചനയിലേക്കും വഴിമാറി.
ഇതിനിടയിൽ മഞ്ജുള തന്റെ അമ്മയ്ക്ക് സുഖം ഇല്ലെന്നും ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും തെറ്റിദ്ധരിപ്പിച്ച് പരമേശ്വരിൽ നിന്നും പണം ആവശ്യപ്പെട്ടു. ഇവരെ അന്ധമായി വിശ്വസിച്ച പരമേശ്വർ ഓൺലൈനായി പണം അയച്ചുകൊടുത്തു. പിന്നീട് പലപ്പോഴായി അമ്മയ്ക്ക് അസുഖം കൂടുതലാണെന്നും അമ്മ മരിച്ചുപോയെന്നും അമ്മയുടെ ശവസംസ്‌കാര ചടങ്ങിന് ആണെന്നുമൊക്കെ പറഞ്ഞ് ഇവർ ഇയാളിൽ നിന്ന് പലതവണകളായി പണം വാങ്ങിയെടുത്തു. ഇങ്ങനെ പല തവണയായി ഇയാളിൽ നിന്നും മഞ്ജുള തട്ടിയത് 41,26,800 രൂപയാണ്.
ഇതിനിടയിൽ താൻ സിവിൽ സർവീസ് പരീക്ഷ പാസായതായും മഞ്ജുള ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. തനിക്ക് ബാംഗ്ലൂർ ജില്ലാ കമ്മീഷണർ ആയി നിയമനം ലഭിച്ചതായും ജോലിയിൽ പ്രവേശിക്കാനായി അങ്ങോട്ട് പോകുകയാണെന്നും യുവതി ഇയാളോട് പറഞ്ഞിരുന്നു. ജോലിയിൽ കയറിയ ശേഷം, താൻ വാങ്ങിയ പണം എല്ലാം ഒരുമിച്ച് തിരികെ നൽകുമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ പിന്നീടാണ് താൻ ചതിക്കപ്പെടുകയാണെന്ന് പരമേശ്വറിന് മനസ്സിലായത്. ഇതോടെ ഇയാൾ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.