KeralaNEWS

സിൽവർ ലൈൻ പദ്ധതി നിർത്തിവക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രൻ

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതി നിർത്തിവക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ മാസം ആദ്യമാണ് ഇടതുമുന്നണി യോഗം ചേർന്നത്. ഒരു വർഷക്കാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചാണ് ആ മുന്നണി യോഗത്തിൽ ചർച്ച ചെയ്തത്. അതിലും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായാണ് കാനം രാജേന്ദ്രൻ ആലപ്പുഴയിലെത്തിയത്. യോഗത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ കെഇ ഇസ്മായിൽ പക്ഷക്കാരെ പ്രധാന ചുമതലകളിൽ നിന്ന് നീക്കി. ഇസ്മായിൽ പക്ഷത്തെ ജി കൃഷ്ണപ്രസാദിനെ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ എക്സിക്യുട്ടീവിൽ നിന്നും നീക്കി.

Signature-ad

എഐവൈഎഫ് മുൻ സംസ്ഥാന പ്രസിഡന്റായ ജി കൃഷ്ണപ്രസാദ് പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗവുമാണ്. കൃഷ്ണപ്രസാദിന് പകരം മാവേലിക്കര മണ്ഡലം സിപിഐ മുൻ സെക്രട്ടറി എസ് സോളമനെയാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിച്ചത്. മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറിയായ പിവി സത്യനേശനെ സ്ഥാനത്ത് നിലനിർത്തി. ആലപ്പുഴ നഗരസഭാ വൈസ് ചെയർമാൻ പിഎസ്എം ഹുസൈൻ, കിസാൻ സഭ ദേശീയ കൗൺസിൽ അംഗമായ ജോയിക്കുട്ടി ജോസ്, കിസാൻ സഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രൻ പി ജ്യോതിസ്, ബി കെ എം യു സംസ്ഥാന നേതാവായ ആർ അനിൽകുമാർ എന്നിവർ അടക്കമുള്ള ആരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അധ്യക്ഷതയിലായിരുന്നു ആലപ്പുഴയിലെ ഇന്നത്തെ യോഗം നടന്നത്.

Back to top button
error: