NEWSWorld

ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. മോചനം ലഭിക്കുന്നവരില്‍ 65 പേര്‍ വിദേശികളാണ്. ഒമാന്റെ 52-ാം ദേശീയ ദിനം പ്രമാണിച്ചാണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്.

നവംബർ 30 (ബുധൻ), ഡിസംബർ ഒന്ന് (വ്യാഴം) എന്നീ ദിവസങ്ങളാണ് ഒമാനില്‍ ദേശീയദിനം പ്രമാണിച്ചുള്ള അവധി. രാജ്യത്തെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബര്‍ നാലാം തീയ്യതിയായിരിക്കും പിന്നീടുള്ള പ്രവൃത്തി ദിനമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Signature-ad

ദേശീയ ദിനാഘോഷ ഭാഗമായുള്ള സൈനിക പരേഡ് ഇത്തവണ സലാലയിലായിരിക്കും നടക്കുക. നവംബർ 18 വെള്ളിയാഴ്ച സലാല അൽ നാസർ സ്‌ക്വയറിൽ നടക്കുന്ന പരേഡില്‍ സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക് അഭിവാദ്യം സ്വീകരിക്കും. റോയൽ ഒമാൻ എയർഫോഴ്‌സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്‍ സ്‍പെഷ്യല്‍ ഫോഴ്‍സസ്, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്‌സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.

ഭരണാധികാരിക്ക് അഭിവാദ്യം അര്‍പ്പിച്ചും രാജ്യം കൈവരിച്ച പുരോഗതിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചും രാജ്യത്ത് ഇതിനോടകം തന്നെ ദേശീയ ദിനാഘോഷം തുടങ്ങിക്കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയ ശേഷമെത്തുന്ന ദേശീയ ദിനമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സ്വദേശികള്‍ക്കൊപ്പം രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളും ആഘോഷ പരിപാടികളില്‍ സജീവമാണ്.

Back to top button
error: