മസ്കറ്റ്: മസ്‌കറ്റിൽനിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാർക്ക് അധിക ബാഗേജ് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഈ ഓഫർ. ഇതിന്റെ ഭാഗമായി സൗജന്യ ബാഗേജ് പരിധി പത്തു കിലോ വർധിപ്പിച്ചിട്ടുണ്ട്.
ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് ആനുകൂല്യം അനുവദിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഏഴ് കിലോ ഹാൻഡ് ബാഗേജ് പരിധിക്ക് പുറമെയാണിത്. ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിൻറെ ഭാരം ഗോ ഫസ്റ്റ് എയർലൈൻ വർധിപ്പിച്ചിരുന്നു. മസ്കറ്റ്-കണ്ണൂർ സെക്ടറുകളിൽ ഇനി മുതൽ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു.
ഹാൻഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബർ മുതൽ ഡിസംബർ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയർലൈൻ നേരിട്ട് സർവീസ് നടത്തുന്നത്.