കൊച്ചി: കൊച്ചുകടവന്ത്രയില്‍ ചിലവന്നൂര്‍ കായല്‍ കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും സ്ഥാപിച്ച കേസില്‍ നടന് ജയസൂര്യ അടക്കം കുറ്റാരോപിതരായ നാലുപേരും ഡിസംബര്‍ 29-ന് കോടതിയില്‍ ഹാജരാകാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. എറണാകുളം വിജിലന്‍സ് യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥരെയും ജയസൂര്യയെയും വിചരണ ചെയ്യുന്നത്.
സ്ഥലം കൈയേറി നിര്‍മാണം നടത്തിയ നടന് ജയസൂര്യ, കെട്ടിടത്തിന്റെ പ്ലാനിന് അനുമതി നല്കിയ ഉദ്യോഗസ്ഥ പി.ജി. ഗിരിജാദേവി, പരിശോധന നടത്തിയ കെ.പി. രാമചന്ദ്രന് നായര്‍, നിയമം പരിഗണിക്കാതെ പ്ലാന്‍ നല്കിയ ആര്‍ക്കിടെക്ട് എന്‍.എം. ജോര്‍ജ് എന്നിവരാണ് ഹാജരാകേണ്ടത്. ഉദ്യോഗസ്ഥര്‍ മറ്റു രണ്ടുപേരുമായി ചേര്‍ന്ന് സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢാലോചന നടത്തിയതായും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മാണം നടത്തിയതും കായല്‍ പുറമ്പോക്ക് കൈയേറി എന്നതുമാണ് ജയസൂര്യക്കെതിരേയുള്ള കുറ്റം. ആദ്യം എഫ്.ഐ.ആറില്‍ കുറ്റാരോപിതരായിരുന്ന കൊച്ചി കോര്പ്പറേഷന് മുന്‍ സെക്രട്ടറി രാജു, മുന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്‍.എം. ജോര്‍ജ് എന്നിവരെ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നു കണ്ട് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
2016 ഫെബ്രുവരിയിലാണ് കളമശ്ശേരി സ്വദേശി ജി. ഗിരീഷ്ബാബു നല്കിയ കേസില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. 3.7 സെന്റ് സ്ഥലം കൈയേറിയെന്നാണ് കണ്ടെത്തിയത്.