ദില്ലി: ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ അപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ വിധി വരും വരെ ശിക്ഷാ വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു.
2014 ഏപ്രിലിൽ സ്വന്തം കുഞ്ഞിനെയും, അമ്മായിഅമ്മയേയും കൊലപ്പെടുത്തിയ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനു ശാന്തി. നേത്രരോഗത്തിന് ചികിത്സ തേടാനായി ഇവർക്ക് സുപ്രീംകോടതി രണ്ട് മാസത്തെ പരോൾ പരോൾ അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു അനുശാന്തിക്ക് പരോൾ അനുവദിച്ചത്. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവിൽ ജയിലിൽ തുടരുകയാണ്. കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്കെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നും അനുശാന്തിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ടെക്നോപാർക്കിലെ സഹപ്രവർത്തകനും കാമുകനുമായ നിനോ മാത്യുവാണ് കൊലനടത്താൻ അനുശാന്തിക്ക് കൂട്ടുനിന്നത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നൽകിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തത്തിനുമാണ് കോടതി വിധിച്ചത്. ആറ്റിങ്ങൽ വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി. പ്രതികൾക്കെതിരായി രൂക്ഷ പരാമർശങ്ങൾ നടത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കാമ പൂർത്തീകരണത്തിനായാണു പ്രതികൾ പിഞ്ചു കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയത്. സൗദി അറേബ്യയിൽ ലഭിക്കുന്ന മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുർഗന്ധം മാറില്ലെന്നായിരുന്നു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവത്തിനിടെ പരാമർശിച്ചത്.