LIFEMovie

കാത്തിരിപ്പുകൾക്ക് വിരാമം; പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ‘ഗോള്‍ഡ്’ ഉടൻ റിലീസിന്

ലയാളി സിനിമാപ്രേമികളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ഗോള്‍ഡ്. പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതാണ് ഗോള്‍ഡിന്‍റെ പ്രധാന യുഎസ്‍പി. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവത്തതിനാല്‍ അനിശ്ചിതമായി നീക്കിവെക്കുകയായിരുന്നു. അന്നുമുതല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരമായി നേരിടുന്ന ചോദ്യമാണ് ഗോള്‍ഡിന്‍റെ റിലീസ് എന്നാണ് എന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ് ആണ് ഇത് സംബന്ധിച്ച ഒരു അപ്ഡേഷന്‍ ആദ്യമായി നടത്തിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ട്രാക്കര്‍മാരും സാധ്യതയുള്ള ഒരു റിലീസ് തീയതിയെക്കുറിച്ച് പറയുകയാണ്.

Signature-ad

ചിത്രം ഡിസംബറില്‍ എത്തുമെന്നാണ് രണ്ട് ദിവസം മുന്‍പ് ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ഗോള്‍ഡ്.. പൂര്‍ണ്ണതയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. അല്‍ഫോന്‍സ് പുത്രനും സംഘത്തിനും അഭിനന്ദനങ്ങള്‍. ഡിസംബര്‍ റിലീസ്, ഗോള്‍ഡിന്‍റെ ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജിനൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ സാധ്യതയുള്ള ഒരു റിലീസ് തീയതിയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചിത്രം ഡിസംബര്‍ 2 ന് തിയറ്ററുകളില്‍ എത്തിക്കാനുള്ള ആലോചനയിലാണ് നിര്‍മ്മാതാക്കളെന്ന് പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്. പ്രേമത്തിനു ശേഷം എത്തുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ആയതിനാല്‍ തമിഴ്നാട് തിയറ്റര്‍ അവകാശത്തില്‍ മികച്ച തുകയാണ് ഗോള്‍ഡ് നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 1.25 കോടിക്കാണ് ഇതിന്‍റെ വില്‍പ്പന നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: