സമീപകാല മലയാള സിനിമയിൽ തിരക്കഥകളുടെ തെരഞ്ഞെടുപ്പിൻറെ കാര്യത്തിൽ ഏറ്റവുമധികം വൈവിധ്യം പുലർത്തുന്ന ഒരാൾ മമ്മൂട്ടിയാണ്. കഥയിലും ആഖ്യാനത്തിലും ഏറെ വ്യത്യസ്തമായ നാല് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഈ വർഷം ഇതുവരെ പുറത്തിറങ്ങിയത്. അടുത്തതായി എത്താനിരിക്കുന്ന ചിത്രവും അത്തരത്തിൽ തന്നെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി ആദ്യമായി നായകനാവുന്ന നൻപകൽ നേരത്ത് മയക്കം ആണ് ആ ചിത്രം. ചിത്രത്തിൻറെ ഒരു പുതിയ സ്റ്റിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തൊട്ടുമുൻപെത്തിയ റോഷാക്കിൽ ബ്രിട്ടീഷ് പൌരത്വവും ദുബൈയിൽ ബിസിനസുമുള്ള ലൂക്ക് ആൻറണി എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചതെങ്കിൽ ലിജോ ചിത്രം തികഞ്ഞ തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒന്നാണ്. മമ്മൂട്ടിയുടെ കഥാപാത്രവും അങ്ങനെതന്നെ. നേരത്തെ പുറത്തെത്തിയ ചിത്രത്തിൻറെ പ്രൊമോഷണൽ മെറ്റീരിയലുകളൊക്കെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴെത്തിയിരിക്കുന്ന സ്റ്റില്ലും അങ്ങനെതന്നെ.
Latest still from #NanpakalNerathuMayakkam ❤️#Mammootty @mammukka pic.twitter.com/bbDeg7igwJ
— Mammootty Fans Club (@MammoottyFC369) November 15, 2022
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ എ ബക്കർ. ചിത്രത്തിനുവേണ്ടി കെ പി മുരളീധരൻ വരച്ച പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
പൂർണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷൻ. ആ സമയത്ത് തമിഴ്നാട്ടിൽ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.