കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമനം നല്‍കിയതില്‍ ഹൈക്കോടതിയില്‍നിന്നു തിരിച്ചടി. പ്രിയാ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.
പ്രിയാ വര്‍ഗീസിസ് അവകാശപ്പെടുന്ന സേവനങ്ങള്‍ അധ്യാപന പരിചയം ആകില്ല. പ്രിയയുടെ നിയമനത്തിനു മതിയായ യോഗ്യതയില്ലെന്നും യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പ്രിയാ വര്‍ഗീസിനു യോഗ്യതയുണ്ടോ എന്നു സര്‍വകലാശാല പുനഃപരിശോധിക്കണം. ലിസ്റ്റില്‍ നിലനിര്‍ത്തണോ എന്നു പരിശോധിച്ചു തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്റ്റില്‍ തുടര്‍നടപടി എടുക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഒറ്റവരിയില്‍ ഒരു വിധിന്യായമല്ല കോടതി നടത്തിയത്. ഒന്നരമണിക്കൂറില്‍ ഏറെയെടുത്താണ് ജഡ്ജിമാര്‍ വിധിപ്രസ്താവം വായിച്ചുതീര്‍ത്തത്. പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്ന് ആരോപിച്ച് ലിസ്റ്റില്‍ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഹര്‍ജിയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഡോ. എസ്. രാധാകൃഷ്ണന്റെ വാക്കുകള്‍ കടമെടുത്താണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവം നടത്തിയത്.