IndiaNEWS

ബിഹാര്‍ മന്ത്രിയുടെ വീട്ടില്‍ ഐ.ടി റെയ്ഡ്; രാഷ്ട്രീയപ്രേരിതമെന്ന് ആര്‍.ജെ.ഡി 

പട്‌ന: ബിഹാറിലെ ആര്‍.ജെ.ഡി മന്ത്രി സമീര്‍ മഹാസേത്തിന്റെ വസതിയിലും മറ്റു സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സാകാര്‍ ബില്‍ഡര്‍ കമ്പനിയുടെ ഓഫിസുകളിലും പരിശോധന നടത്തി. കമ്പനിയുടെ നികുതി വെട്ടിപ്പ് അന്വേഷിക്കുന്നുണ്ട്.  ബന്ധുവിന്റെ സ്ഥാപനത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വസതിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചതെന്നു മന്ത്രി സമീര്‍ മഹാസേത്ത് പ്രതികരിച്ചു.

അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചുവെന്നും മന്ത്രി പറഞ്ഞു. പരിശോധനയില്‍ ലഭിച്ച വിവരങ്ങളെ കുറിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. പരിശോധന പൂര്‍ത്തിയായ ശേഷമേ വിവരങ്ങള്‍ ക്രോഡീകരിച്ചു വിലയിരുത്താനാകൂയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ആദായ നികുതി വകുപ്പിന്റെ പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് ആര്‍.ജെ.ഡി വക്താവ് ശക്തി സിങ് യാദവ് പ്രതികരിച്ചു.

ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നികുതി വെട്ടിപ്പുകാര്‍ നടപടി നേരിടേണ്ടി വരുമെന്നു ബി.ജെ.പി വക്താവ് അരവിന്ദ്കുമാര്‍ സിങ് പ്രതികരിച്ചു. നിതീഷ് കുമാര്‍ മന്ത്രിസഭയിലെ മിക്കവരും അഴിമതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: