KeralaNEWS

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; നട തുറക്കല്‍ ഒരു മണിക്കൂര്‍ നേരത്തെയാക്കി

ശബരിമല: മണ്ഡലകാലത്തിന്റെ ആദ്യദിവസമായ ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ മൂന്നു മണിക്കാണ് നട തുറന്നത്. പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

ബര്‍ത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ആളുകളാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്‌പോട്ട് ബുക്കിങ്ങിലൂടെയും തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് എത്തും. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാണു ദേവസം ബോര്‍ഡിന്റെ തീരുമാനം.

Signature-ad

തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ചാണ് ഇത്തവണ ദിവസവും പുലര്‍ച്ചെ മൂന്നിന് നട തുറക്കാന്‍ തീരുമാനിച്ചത്. മുന്‍പ് പലര്‍ച്ചെ 4 നായിരുന്നു നട തുറന്നിരുന്നത്. എന്നാല്‍, കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം നട തുറക്കുന്നത് അഞ്ചിന് ആക്കിയിരുന്നു. മണ്ഡലകാലത്തെ ആദ്യ നെയ്യാഭിഷേകവും ഇന്നാണ്. ദിവസവും രാവിലെ 3.30 ന് ആരംഭിക്കുന്ന നെയ്യാഭിഷേകം 11 വരെ നീളും. ഇന്ന് വൃശ്ചിക പുലരിയില്‍ അയ്യപ്പ സ്വാമിക്ക് കളഭാഭിഷേകവും ഉണ്ടാകും.

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം സത്രം – പുല്ലുമേട് – സന്നിധാനം പരമ്പരാഗത കാനന പാതയിലൂടെ ഇന്ന് മുതല്‍ ഭക്തരെ കടത്തി വിടും. രാവിലെ ഏഴു മുതല്‍ ഉച്ച കഴിഞ്ഞ രണ്ടു വരെയാണ് കടത്തി വിടുക. പന്ത്രണ്ട് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ സത്രത്തിലെത്താം. കാനന പാതയില്‍ വേണ്ട ക്രമീകരണങ്ങള്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Back to top button
error: