തൃശൂര്‍: അതിരപ്പിള്ളി റോഡില്‍ ഭീതിപരത്തി ഒറ്റയാന്‍ ‘കബാലി’ ഇന്നും റോഡിലിറങ്ങി. ഒറ്റയാനില്‍നിന്ന് രക്ഷനേടാന്‍ കാറും ലോറിയും ഉള്‍പ്പെടെ പിന്നോട്ടോടിച്ചു. മലക്കപ്പറയില്‍നിന്ന് തേയില കയറ്റിവന്ന ലോറി ഉള്‍പ്പെടെ തടഞ്ഞ ആന പിന്നീട് ഷോളയാര്‍ പവര്‍ഹൗസ് റോഡിലേക്ക് മാറിപ്പോയി.
കഴിഞ്ഞ ദിവസവും റോഡില്‍ കബാലി ഇറങ്ങിയിരുന്നു. ആനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്ററാണ് സാഹസികമായി പിന്നോട്ടോടിച്ചത്.
ചാലക്കുടി-വാല്‍പാറ പാതയില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ അമ്പലപ്പാറ മുതല്‍ ആനക്കയം വരെ പിറകോട്ട് ഓടിയത്. കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയില്‍ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്.
ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാന്‍ ആനക്കയം ഭാഗത്തെത്തിയപ്പോള്‍ കാട്ടിലേക്കു കടന്നു. രാത്രി കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കും ഒറ്റയാനെ പേടിച്ച് ബസ് പിന്നോട്ടെടുക്കേണ്ടി വന്നു. ആഴ്ചകളായി ആനമല പാതയില്‍ ഈ ഒറ്റയാന്റെ ഭീഷണി നിലനില്‍ക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വനം വകുപ്പിന്റെ ജീപ്പ് ആക്രമിച്ചിരുന്നു.