LIFEMovie

ജെയിംസ് കാമറൂൺ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ മലയാളം ഉൾപ്പടെ ആറ് ഭാഷകളിൽ

ലോക സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂൺ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജോൺ ലാൻഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

“നമസ്തേ ഇന്ത്യ! ഞാൻ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിൽ അവതാർ ദി വേ ഓഫ് വാട്ടർ നിങ്ങൾ അനുഭവിച്ചറിയുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഡിസംബർ 16-ന് പൻഡോറയിലേക്കുള്ള മടക്കം ആഘോഷിക്കാം”, എന്നാണ് ജോൺ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Signature-ad

ഈ വർഷം ഡിസംബർ 16-ന് ‘അവതാർ- ദ വേ ഓഫ് വാട്ടർ’ തിയറ്ററിൽ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വർഷങ്ങളായി കാത്തിരിക്കുന്ന അവതാർ 2ൽ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ.

2009 ലാണ് അവതാർ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തിൽ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാർ സ്വന്തമാക്കിയിരുന്നു. ശേഷം 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല.

Back to top button
error: