ഇടുക്കി: ഉടുമ്പന്‍ചോലയില്‍ പിതാവിന്റെ വെട്ടേറ്റ് മകന് മരിച്ചു. ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലിയില്‍ ജെനീഷ് (38) ആണ് മരിച്ചത്. മദ്യലഹരിയില്‍ എത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവായ തമ്പിയെയും ക്രൂരമായി മര്‍ദിച്ചു. പേരക്കുട്ടികളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോള്‍ ജെനീഷിന്റെ കൈയില്‍ വെട്ടേല്‍ക്കുകയായിരുന്നു.
ഇന്നലെ രാത്രി ഏഴിനാണ് ജെനീഷ് മദ്യലഹരിയില്‍ അക്രമാസക്തനായി വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രാത്രി 7.30 നാണ് ജെനീഷിന് വെട്ടേറ്റത്. ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു മരണം.
ജെനീഷിന്റെ പിതാവ് തമ്പിയെ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി ഉടുമ്പന്‍ചോല പോലീസ് അറിയിച്ചു.