ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. പൂഞ്ചി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെയും കേരളത്തിലെ പ്രത്യേക സാഹചര്യത്തിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം. തുടർന്ന് സര്‍വകലാശാലകളുടെ തലപ്പത്ത് അക്കാദമിക് വിദഗ്ധരെയോ പ്രഗത്ഭ വ്യക്തികളെയോ നിയമിക്കും.
സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും പ്രവര്‍ത്തനം ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ നിയമവിരുദ്ധ ഇടപെടലിനെ തുടര്‍ന്ന് അവതാളത്തിലായിരിക്കുകയാണ്. മാത്രമല്ല ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത് ഉചിതമാകില്ലെന്നാണ് പൂഞ്ചി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇവയുടെ പശ്ചാത്തലത്തിലാണ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇതിനായി സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതാണ് ഓര്‍ഡിനന്‍സെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു.
അതേസമയം ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നതാണ് ഇനി നിര്‍ണായകം. ചാന്‍സലര്‍ പദവി ഒഴിയാന്‍ തയാറാണെന്ന് ഗവര്‍ണര്‍ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതിനായി നിയമനിര്‍മാണം നടത്തിയാല്‍ ഒപ്പിടാന്‍ തയാറാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ നിന്ന് മലക്കംമറിയുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഗവര്‍ണറെ പിന്തുണച്ച് കോണ്‍ഗ്രസും ബി.ജെ.പിയും
ചാന്‍സലര്‍ ചദവിയില് നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. ഗവര്‍ണറെ പദവിയില്‍ നിന്നും മാറ്റുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താനാണെന്നും വി ഡി സതീശന് ആരോപിച്ചു.
സർവ്വകലാശാലകളിൽ നിന്ന് ചാൻസലറെ മാറ്റാനുള്ള സർക്കാർ നീക്കം സ്വജനപക്ഷപാതത്തിന് കൂട്ട് നിൽക്കാത്തതു കൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്.
സർവ്വകലാശാലകളെ സി.പി.എം പാർട്ടി കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസിലൂടെ നടന്നത്.
സർക്കാറിൻ്റെ ഇംഗിതത്തിന് കൂട്ട് നിൽക്കാത്തതു കൊണ്ടാണ് ഗവർണർക്കെതിരെയുള്ള നീക്കം നടന്നത്. ഇത് ബി.ജെ.പി ശക്തമായി നേരിടും. സമാന ചിന്താഗതിക്കാരുമായി ചേർന്ന് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ നിയമതടസ്സമില്ലെന്ന് മുന്‍ ലോക്സഭ സെക്രട്ടറി ജനറലും ഭരണഘടന വിദഗ്ധനുമായ പിഡിടി ആചാരി പറഞ്ഞു.
“ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ഭരണഘടനാപരമായി പറഞ്ഞാല്‍ ഓര്‍ഡിനന്‍സ് ഇറക്കി ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് ഗവണ്മെന്റിന് അധികാരമുണ്ട്. ചാന്‍സലര്‍ എന്ന പദവി ഒരു സ്റ്റാറ്റ്യൂട്ടറി പോസ്റ്റ് ആണ്. ഗവര്‍ണര്‍ ചാന്‍സലര്‍ ആയിക്കൊള്ളണമെന്ന് ഭരണഘടനയില്‍ എവിടെയും പറയുന്നില്ല.
ഗവര്‍ണര്‍ ചാന്‍സലറായി ഇരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഗവര്‍ണറെ ആ സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ യാതൊരു തെറ്റുമില്ല, നിയമപരമായി അത് ചെയ്യാനാകും. ഗവണ്മെന്റിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും അത് ഒപ്പുവെയ്ക്കാനും ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്…”
പി ഡി ടി ആചാരി പറഞ്ഞു.