ഇടുക്കി:മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒരിക്കലും രാവിലെയും ഉച്ചയ്ക്കും വിശന്നിരിക്കേണ്ടിവരില്ല.അവർക് ക് അവിടെ അവരുടെ സ്വന്തം ലിൻസി ടീച്ചർ ഉണ്ട്.
ഒരിക്കൽ സ്കൂളിൽ എത്തിയ വിദ്യാർത്ഥിനി വെള്ളം ഛർദ്ദിക്കുന്നത് കണ്ട് അധ്യാപികയായ ലിൻസി ജോർജ് കാര്യം അന്വേഷിച്ചു. രാവിലെ ഭക്ഷണം കഴിക്കാത്തതിനാൽ ആണെന്ന് കുട്ടിയുടെ മറുപടി. ഇങ്ങനെയുള്ള കുട്ടികൾ വേറെയും ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രഭാത ഭക്ഷണ പദ്ധതിക്ക് ലിൻസി ടീച്ചർ തുടക്കമിടുന്നത്.ഏറെയും പാവപ്പെട്ട വിദ്യാർഥികൾ പഠിക്കുന്ന മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കാണ് സൗജന്യമായി പ്രഭാത ഭക്ഷണം കൊടുക്കുന്നത്. ഒരു മാസം മുൻപ് മുതലാണ് ഇത് ആരംഭിക്കുന്നത്. അന്ന് അധ്യാപകരിൽ ഒരാൾ കൊണ്ടുവന്ന ഇഡ്ഡലി പ്രൈമറി ക്ലാസിൽ പഠിക്കുന്ന ആ കുട്ടി അതിവേഗം കഴിക്കുന്നത് കണ്ടു.അതോടെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘സ്നേഹവലയ’ത്തെ വിവരം അറിയിച്ചു. നൂറിലധികം കുട്ടികൾക്ക് ഇപ്പോൾ രാവിലെ പ്രഭാതഭക്ഷണം നൽകുന്നുണ്ട്. അപ്പം, ദോശ,ഉപ്പുമാവ്, കൊഴുക്കട്ട, ഇഡ്ഡലി എന്നിങ്ങനെ മാറിമാറിയാണ് ഓരോ ദിവസവും കൊടുക്കുന്നത്.
സ്കൂളിൽ ഉച്ചഭക്ഷണം നൽകുന്നതിനായി ഓരോ മാസവും 10000 രൂപയിൽ അധികം അധ്യാപികയായ ലിൻസി ചെലവഴിക്കുന്നുണ്ട്.ഇതിന് പുറമെയാണ് പ്രഭാതഭക്ഷണ പദ്ധതിയും ആരംഭിക്കാൻ ഈ അധ്യാപിക മുൻകൈ എടുത്തിരിക്കുന്നത്.