തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്തിനെക്കുറിച്ച് സി.പി.എം. പരിശോധിക്കും. കത്തിന്റെ ഉദ്ഭവവും പ്രചാരണവുമെല്ലാം പാര്‍ട്ടി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. അന്വേഷണം സംബന്ധിച്ച കാര്യങ്ങളൊന്നും അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തില്‍ വിശദീകരിച്ചില്ല. കത്ത് പ്രചരിപ്പിക്കപ്പെട്ടതിനെക്കുറിച്ച് നേതൃത്വം രഹസ്യപരിശോധന തുടങ്ങിയിട്ടുണ്ട്.
ജില്ലാ കമ്മിറ്റിയില്‍ വിഷയം കാര്യമായി ചര്‍ച്ചചെയ്യാന്‍ നേതൃത്വം സന്നദ്ധമായില്ല. എസ്.എ.ടി. ആശുപത്രിയിലെ കരാര്‍ നിയമനത്തിന് കുടുംബശ്രീ അംഗങ്ങളുടെ പട്ടികതേടി കത്ത് തയ്യാറാക്കിയത് കോര്‍പ്പറേഷനിലെ സി.പി.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഇതോടെ അനിലിന്റെ കത്ത് ഗൗരവമുള്ള വീഴ്ചയായിക്കണ്ട് പാര്‍ട്ടി നടപടിയുണ്ടായേക്കും.
മെഡിക്കല്‍ കോളജ് മേഖലയിലെ പാര്‍ട്ടി നേതാവിലൂടെയാണ് കത്ത് സാമൂഹികമാധ്യമ ഗ്രൂപ്പിലെത്തിയതെന്ന് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്.
മേയറുടെ പേരിലുള്ള കത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തും. മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അന്വഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി: എസ്. മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി: ജലീല്‍ തോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്.