തിരുവനന്തപുരം: മേയര്‍ ഉള്‍പ്പെട്ട കത്ത് വിവാദത്തില്‍ രണ്ടാം ദിനവും കോര്‍പറേഷന്‍ ആസ്ഥാനം സംഘര്‍ഷ ഭൂമിയായി. തിരുവനന്തപുരം മേയറുടെ ഓഫീസ് രണ്ടാംദിനവും ബി.ജെ.പി ഉപരോധിച്ചു. ഓഫിസിനു മുന്നില്‍ നിലത്ത് കിടന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.
മേയറുടെ ഓഫീസ് കവാടത്തിന് മുന്നില്‍ ബി.ജെ.പി കൊടി നാട്ടി. എസ്.എ.ടി ആശുപത്രിയില്‍ താല്‍ക്കാലിക നിയമനത്തിനു പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടു സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു കത്തെഴുതിയതു താന്‍ തന്നെയാണെന്നും എന്നാല്‍ കത്ത് ആര്‍ക്കും കൊടുത്തില്ലെന്നും സമ്മതിച്ച കോര്‍പറേഷനിലെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിനെതിരെയും പ്രതിഷേധം ശക്തമാക്കി. മേയര്‍ ആര്യ രാജേന്ദ്രനെയും ഡി.ആര്‍ അനിലിനെയും ഓഫിസില്‍ പ്രവേശിപ്പിക്കില്ലെന്നും പ്രതിഷേധക്കാര്‍ നിലപാട് എടുത്തു.
295 താല്‍ക്കാലിക നിയമനത്തില്‍ പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക തേടി സി.പി.എം ജില്ലാ സെക്രട്ടറിക്കു മേയര്‍ ആര്യ രാജേന്ദ്രന്‍ എഴുതിയതായി പുറത്തു വന്ന കത്തിനെ ചൊല്ലിയാണു പ്രതിപക്ഷ കൗണ്‍സിലര്‍മാരും പ്രതിപക്ഷ യുവജന സംഘടനകളും അതിശക്തമായ പ്രതിഷേധം അഴിച്ചുവിട്ടത്.
മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ഇന്നലെ പ്രതിപക്ഷം നടത്തിയ സമരത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ കോര്‍പറേഷന്‍ ഓഫിസ് കലാപഭൂമിയായി. ഓഫീസിനുളളില്‍ ബി.ജെ.പി-സി.പി.എം കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. മേയര്‍ ചേംബറിലുള്ളപ്പോള്‍ പ്രതിഷേധവുമായെത്തിയ ബിജെപി കൗണ്‍സിലര്‍മാര്‍ അകത്തേക്കു കടക്കാതിരിക്കാന്‍ പൊലീസ് ഗേറ്റ് പൂട്ടി. ഇതില്‍ പ്രതിഷേധിച്ച ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്.സലീമിനെ ചേംബറില്‍ പൂട്ടിയിട്ടതോടെ സി.പി.എം-ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയായി. പെന്‍ഷന്‍ ആവശ്യത്തിനായി എത്തിയ വയോധിക സംഘര്‍ഷം കണ്ടു കുഴഞ്ഞുവീണിരുന്നു.