പൊന്നിയിൻ സെൽവനു പിന്നാലെ മറ്റൊരു തമിഴ് നോവൽ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. തമിഴ് എഴുത്തുകാരൻ സു വെങ്കടേശൻ എഴുതിയ വേൽപാരി എന്ന നോവലാണ് സിനിമാരൂപത്തിൽ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുക. ബിഗ് സ്ക്രീനിൽ നിരവധി വിസ്മയങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഷങ്കർ ആണ് ചിത്രത്തിൻറെ സംവിധാനം. ബോളിവുഡ് താരം രൺവീർ സിംഗ് ആണ് ചിത്രത്തിലെ നായകൻ. സംഘകാലത്തിൻറെ അവസാന ഘട്ടത്തിൽ തമിഴ്നാട്ടിലെ പറമ്പുനാട് ഭരിച്ചിരുന്ന, വേളിർ പരമ്പരയിലെ ഒരു രാജാവ് ആയിരുന്നു വേൽപാരി. വേളിർ പരമ്പരയിലെ രാജാക്കന്മാരിൽ ഏറ്റവും കേൾവികേട്ട അദ്ദേഹത്തിൻറെ കലാരസികത്വവും മനുഷ്യാനുകമ്പയുമൊക്കെ ചരിത്ര താളുകളിൽ എഴുതപ്പെട്ടിട്ടുണ്ട്.
കവി കപിലരുടെ സുഹൃത്ത് കൂടിയായിരുന്നു വേൽപാരി. ആറ് വർഷത്തെ ഗവേഷണത്തിനു ശേഷം ആനന്ദ വികടൻ മാസികയിൽ 100 ആഴ്ചകളിലായാണ് സു വെങ്കടേശൻറെ ബൃഹദ് നോവൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ ലക്കം പുറത്തെത്തിയത് 2018 നവംബറിൽ ആയിരുന്നു. പിന്നീട് വികടൻ പബ്ലിക്കേഷൻസ് ഇത് ഒറ്റ പുസ്തകമായും പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തെ അധികരിച്ചാണ് ഷങ്കർ സിനിമയൊരുക്കുന്നത്. സിനിമ മൂന്ന് ഭാഗങ്ങളിലായി ഒരുക്കാനാണ് ഷങ്കറിന്റെ പദ്ധതി. ആദ്യഭാഗത്തിൻറെ ചിത്രീകരണം 2023 മധ്യത്തോടെ ആരംഭിക്കും.
ഷങ്കറിൻറെയും രൺവീർ സിംഗിൻറെയും ഇതുവരെയുള്ള ഫിലിമോഗ്രഫി പരിഗണിക്കുമ്പോൾ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുങ്ങുന്ന ഫ്രാഞ്ചൈസി ആയിരിക്കും ഇത്. ഹീറോയിസം കാണിക്കാൻ പറ്റുന്ന നായക കഥാപാത്രവും ജീവിതപാഠങ്ങളും ഒരു പ്രണയകഥയും വിഷ്വൽ എഫക്റ്റ്സിനുള്ള സാധ്യതകളും തുടങ്ങി ഒരു ബിഗ് ബജറ്റ് വാണിജ്യ സിനിമയ്ക്കുവേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ കൃതിയാണ് വേൽപാരി. ഇതുതന്നെയാവും ഷങ്കറിനെ പ്രോജക്റ്റിലേക്ക് ആകർഷിച്ചിരിക്കുന്നതും. അതേസമയം രൺവീറിനെ നായകനാക്കി 2021 ൻറെ തുടക്കത്തിൽ ഷങ്കർ ഒരു പ്രോജക്റ്റ് പ്രഖ്യാപിച്ചിരുന്നു. ഷങ്കറിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന അന്ന്യൻറെ പുതുകാലത്തെ റീമേക്ക് ആയിരുന്നു ഇത്. എന്നാൽ ഈ പ്രോജക്റ്റ് മുന്നോട്ടുപോയില്ല.