ആലപ്പുഴ: ചരിത്രത്തിൽ ആദ്യമായി സിആർപിഎഫ് വനിതാ ഓഫീസർമാരെ ഐജി റാങ്കിൽ നിയമിച്ചപ്പോൾ ആലപ്പുഴയ്ക്ക് അത് അഭിമാനത്തിന്റെയും ആഹ്ളാദത്തിന്റെയും മുഹൂർത്തമായി. ഐജി റാങ്ക് നേടിയ രണ്ട് വനിതകളിൽ ഒരാളായ ആനി ഏബ്രഹാമിന്റെ മാതാപിതാക്കൾ ആലപ്പുഴക്കാരാണ്. അമ്മ ഏലിയാമ്മ ഏബ്രഹാം ചേർത്തല കൈമാപറമ്പിൽ കുടുംബാംഗമാണ്. പിതാവ് കെ. ജെ. ഏബ്രഹാം ചമ്പക്കുളം കിഴക്കേവേലിത്തറ കുടുംബാഗവും. ഇരുവരും ഭോപ്പാൽ ബിഎച്ച്ഇഎലിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു. ഇരുവരും ഭോപ്പാലിലായിരുന്നതിനാൽ ആനി ഏബ്രഹാമിന്റെ കുട്ടിക്കാലവും അവിടെയായിരുന്നു. മാതാപിതാക്കളുടെ വിരമിക്കലിനുശേഷം മുംബൈയിൽ സ്ഥിരതാമസമാക്കി. ആനിയുടെ മാതൃസഹോദരൻ ജോസഫ് കൈമാപറമ്പൻ ചേർത്തലയിൽ നെടുമ്പ്രക്കാട് പള്ളിക്കു സമീപം താമസിക്കുന്നു. മുംബൈയിലായിരുന്നു സ്ഥിരതാമസമെങ്കിലും മാതാപിതാക്കൾക്കൊപ്പം ആനി നാട്ടിലെത്താറുണ്ടായിരുന്നു.
ആനി ഏബ്രഹാമിനൊപ്പം സീമ ധുണ്ടിയയാണ് ഐജിയായി സ്ഥാനക്കയറ്റം നേടിയത്. ദ്രുതകർമ സേനയുടെ ഐജിയായിട്ടാണ് ആനി ഏബ്രഹാമിന് നിയമനം. നിലവിൽ ഡിഐജിയാണ് ആനി. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്. യുഎൻ മിഷനുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനു പുറമേ ഇന്റലിജൻസ് ഐജി, ഡിഐജി, വിജിലൻസ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1986ലാണ് സിആർപിഎഫിൽ ആദ്യമായി മഹിളാ ബറ്റാലിയൻ സൃഷ്ടിച്ചത്. 1987ൽ സേനയുടെ ഭാഗമായ ആദ്യ ബറ്റാലിയനിലെ ഉദ്യോഗസ്ഥയാണ് ആനി. ആറ് വനിതാ ബറ്റാലിയനുകളിലായി ആറായിരം വനിതാ സേനാംഗങ്ങൾ സിആർപിഎഫിലുണ്ട്. കഴിഞ്ഞ ജൂലൈയിൽ ആനിയുടെ പിതാവ് ഏബ്രാഹം മരിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അമ്മ ഏലിയാമ്മ കുഴഞ്ഞുവീണു മരിച്ചു.
ആനിയുടെ മാതൃസഹോദരി തത്തംപള്ളി കാഞ്ഞിരത്തിങ്കൽ ബേബിക്കുട്ടിയും ആനി മാതാപിതാക്കൾക്കൊപ്പം നാട്ടിലെത്തിയതിന്റെ ഓർമകൾ പങ്കുവച്ചു. കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോൾ വരുന്ന ജനുവരിയിൽ വീണ്ടുമെത്തുമെന്ന് പറഞ്ഞാണ് ആനി പോയത്. എന്നാൽ ഈ ജനുവരിയിൽ എത്തില്ല. പകരം പിതാവിൻറെയും അമ്മയുടെയും ചരമവാർഷികം നാട്ടിൽ വച്ചു നടത്തുമ്പോൾ അതിൽ സംബന്ധിക്കാൻ എത്തും.