കൊച്ചി: ആലുവ തോട്ടുമുഖത്ത് മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കടയില്‍ ആക്രമണം. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കഴിയില്ല എന്നറിയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. അക്രമി കടയിലെ സാധനങ്ങള്‍ എറിഞ്ഞുടക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ കേടാണെന്നും നന്നാക്കണമെന്നുമാവശ്യപ്പെട്ട് തോട്ടുമുഖം സ്വദേശികളായ സദാം, ശിഹാബ് എന്നിവരാണ് കടയിലെത്തിയത്. നന്നാക്കുന്നതിനായി ആയിരം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഫോണ്‍ പരിശോധിച്ചതിന് ശേഷം നന്നാക്കാന്‍ കഴിയില്ലെന്ന് കടക്കാരന് അറിയിക്കുകയായിരുന്നു. മുന്‍കൂറായി നല്കിയ പണം തിരികെ നല്‍കുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ കടയുടമയെ അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നു. കടയിലുണ്ടായിരുന്നവര്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും കടയിലെ പല സാധനങ്ങളും എറിഞ്ഞുപൊട്ടിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം തുടര്‍നടപടിയെടുക്കുമെന്നാണ് ആലുവ ഈസ്റ്റ് പോലീസ് വ്യക്തമാക്കുന്നത്.