ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും ചാനലുകളെ വിലക്കിയാ പാകിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നടപടി പിന്‍വലിക്കണമെന്ന നിര്‍ദേശവുമായി ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍. ശനിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് പാക് സര്‍ക്കാര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയത്.
ഇന്‍ഫര്‍മേഷന്‍ വിഭാഗം മന്ത്രി മറിയും ഔറംഗസേബിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് പാകിസ്ഥാന് മാധ്യമമായ ഡോണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മന്ത്രിയുടെ പ്രസ്താവന പ്രകാരം, ഇമ്രാന് ഖാന്റെ പത്രസമ്മേളനങ്ങള്‍ ലൈവായും അല്ലാതെയും ബ്രോഡ്കാസ്റ്റ് ചെയ്യുന്നതില്‍ നിന്നും ചാനലുകളെ വിലക്കിയ മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നടപടി ഉടന്‍ പിന്‍വലിക്കണമെന്നാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഉത്തരവ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (അഭിപ്രായ സ്വാതന്ത്ര്യം) അനുവദിക്കപ്പെടുന്നുണ്ടെന്ന് നിയമപരമായി ഉറപ്പുവരുത്തണമെന്നും അതോറിറ്റിയോട് ഷെഹബാസ് ഷെരീഫ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാന വാരമായിരുന്നു രാജ്യത്തെ എല്ലാ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളിലും ഇമ്രാന് ഖാന്റെ ലൈവ് പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് പാകിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിയത്.
പൊതു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഇമ്രാന് പ്രസംഗിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു നടപടി.