കത്ത് വിവാദത്തില്‍ അടിയന്തര യോഗം വിളിച്ച് സി.പി.എം; ഗവര്‍ണറുടെ ഇടപെടല്‍ തേടി ബി.ജെ.പി
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ അടിയന്തര യോഗം വിളിച്ച് സി.പി.എം. നാളെ ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. വിവാദം നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പങ്കെടുക്കും. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരേ കടുത്ത നടപടിയെടുത്തേക്കും.
അതേസമയം, കോര്‍പറേഷനിലെ പ്രശ്നങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. നാളെ ഉച്ചയ്ക്ക് 35 കൗണ്‍സിലര്‍മാരും ഗവര്‍ണറെ നേരിട്ടു കാണുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അറിയിച്ചു.
കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് പോലീസില്‍ പരാതി നല്‍കുന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് രാവിലെ പ്രതികരിച്ചിരുന്നു. സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നത്. മേയറുടെ കത്ത് കൈയില്‍ കിട്ടിയിട്ടില്ലെന്നും കത്ത് വ്യാജമാണോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തെഴുതിയിട്ടില്ലെന്ന് കാണിച്ച് മേയര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്കി. മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കാനാണ് ആര്യാ രാജേന്ദ്രന്റെ നീക്കം. കോര്‍പറേഷനില്‍ ഒഴിവുണ്ടെന്ന് അറിയിച്ചുകൊണ്ട്, പാര്‍ട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാന്‍ ലിസ്റ്റ് തേടി മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ആനാവൂര്‍ നാഗപ്പനയച്ച കത്ത് ആണ് വിവാദത്തിലായത്.