പത്തനംതിട്ട: വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ 1985 ല്‍ രജിസ്റ്റര്‍ ചെയ്ത റബ്ബര്‍ ഷീറ്റ് മോഷണ കേസില്‍ പ്രതിയെ പോലീസ് പിടികൂടി. അത്തിക്കയം കരികുളം ചെമ്പനോലി മേല്‍മുറിയില്‍ പൊടിയനെ (71)യാണ് കലഞ്ഞൂര്‍ പോത്തുപാറയില്‍ നിന്നും അറസ്റ്റ് ചെയ്തത്. വെച്ചൂചിറയില്‍ 37 വര്‍ഷം മുമ്പ് റബ്ബര്‍ ഷീറ്റ് മോഷ്ടിച്ച പൊടിയന്‍, മോഷണത്തിന് ശേഷം മുങ്ങുകയായിരുന്നു.
റാന്നി അത്തിക്കയം ആറാട്ടുമണ്ണ്, പുല്ലംപള്ളി വര്‍ഗ്ഗീസ് മാത്യു എന്നയാളുടെ, പുകപ്പുരയില്‍ നിന്ന് 250 തോളം റബ്ബര്‍ഷീറ്റാണ് ഇയാള്‍ മോഷ്ടിച്ചത്. അന്ന് അകദേശം നാലായിരം രൂപയോളം വില വരുന്ന ഷീറ്റാണ് മോഷ്ടിച്ചത്. അതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയതോടെ പിടികൂടാന്‍ കഴിയാതെ വരികയായിരുന്നു.
കാടുകയറി പോയതാണെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. മൊബൈല്‍ ഫോണോ മറ്റ് സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന പൊടിയനുമായി ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു ബന്ധവും ഇത്രനാളും ഇല്ലായിരുന്നു. ഇയാള്‍ എവിടാണെന്നും ആര്‍ക്കും അറിവില്ലായിരുന്നു.
പോത്തുപാറ വനത്തില്‍ ഒളിച്ചു താമസിക്കുന്നതായി വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെസ്ലിന്‍ വി സ്‌കറിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം കിട്ടി.