മനുഷ്യത്വം മരവിച്ച ഇത്തരം മനസ്ഥിതിയിലേക്ക് എങ്ങനെയാണ് നമ്മുടെ നാട് പോയതെന്ന് മലയാളി ചിന്തിക്കണം. മുഖ്യമന്ത്രി മുതല്‍ സബ് കലക്ടര്‍ വരെ ഉത്തരേന്ത്യയില്‍ നിന്ന് വരുന്നവര്‍ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണ്. ആ സമീപനം പുലര്‍ത്തുന്ന മന്ത്രിമാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുള്ള നാട്ടില്‍ ജനങ്ങള്‍ ഇങ്ങനെ പെരുമാറുന്നതില്‍ അസ്വാഭാവികതയില്ല.
ഉത്തരേന്ത്യക്കാര്‍ അപരിഷ്കൃതരെന്ന് വരുത്തിതീര്‍ക്കുന്ന സമീപനത്തില്‍ നിന്നുണ്ടാകുന്ന കാഴ്ചകളാണ് ഇക്കാണുന്നതെന്നും മന്ത്രി പറഞ്ഞു. വംശീയ അധിക്ഷേപം ഭരണഘടനയുടെ അന്തസത്തക്ക് എതിരാണ്. പ്രവാസി തൊഴിലാളികളുടെ സുരക്ഷയും അന്തസും ഉറപ്പാക്കാന്‍ പറ്റാത്ത പിണറായി വിജയന്‍ അവരെ ‘ അതിഥി തൊഴിലാളി ‘ എന്ന് വിളിക്കുന്നത് പരിഹാസ്യമാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
തലശേരിയില്‍ ഇന്ന് ഉച്ചയ്ക്കാണ് കാറില്‍ ചാരിനിന്ന രാജസ്ഥാൻ സ്വദേശിയായ ആറ് വയസുകാരനു നേരെ യുവാവിന്റെ അതിക്രമമുണ്ടായത്. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് (20) കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചത്.
കുട്ടിയുടെ നടുവിന് നേരെ ഇയാള്‍ ചവിട്ടുകയായിരുന്നു. റോഡില്‍ തെറ്റായ ദിശയില്‍ വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്. വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്ഷാദ് വണ്ടി നിര്‍ത്തിയ സമയം രാജസ്ഥാന്‍ സ്വദേശികളുടെ മകനായ ഗണേശ് എന്ന ആറുവയസുകാരന്‍ കാറില്‍ ചാരിനിന്നു. ഇത് ഇഷ്ടപ്പെടാതെയാണ് കുട്ടിയെ ചവിട്ടിയത്.