തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തു നല്‍കി. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര പോയത് അറിയിക്കാതെയാണെന്നാണ് കത്തില്‍ പറയുന്നത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചു. അദ്ദേഹത്തിനെതിരേ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്ത് അയച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തിന്റെ പകര്‍പ്പ് നല്‍കി.
”വിദേശയാത്രയ്ക്കു പോകുമ്പോഴും തിരിച്ചെത്തുമ്പോഴും അറിയിക്കണമെന്ന കീഴ്വഴക്കം ലംഘിക്കപ്പെട്ടു. ഭരണച്ചുമതലകളുടെ ക്രമീകരണവും അറിയിച്ചില്ല” കത്തില്‍ പറയുന്നു. പത്തു ദിവസത്തെ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആര്‍ക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവര്‍ണര്‍ കത്തില്‍ ആരോപിക്കുന്നത്.
ഇന്ന് സംസ്ഥാനത്തു മടങ്ങിയെത്തുന്ന ഗവര്‍ണര്‍, സര്‍ക്കാരുമായുള്ള വിവിധ വിഷയങ്ങളിലെ തര്‍ക്കത്തില്‍ സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെടുന്നതിന് ഇടയിലാണ് കത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്.