അബുദാബി: യുഎഇയിലെ സ്വദേശികളും പ്രവാസികളും നാളെ പതാക ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് യുഎഇയില്‍ ഉടനീളം ആയിരക്കണക്കിന് ദേശീയ പതാകകളായിരിക്കും നാളെ രാവിലെ 11 മണിക്ക് ഉയരുന്നത്.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, വീടുകള്‍, ചത്വരങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവടങ്ങളിലെല്ലാം യുഎഇയുടെ അഭിമാനം വിളിച്ചോതി ദേശീയ പതാക പാറിപ്പറക്കും. “നമ്മുടെ പതാക ഉയര്‍ന്നുതന്നെ നില്‍ക്കും… നമ്മുടെ അഭിമാനവും ഐക്യവും എന്നും നിലനില്‍ക്കും… നമ്മുടെ അഭിമാനത്തിന്റെയും ഔന്നിത്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രതീകം ആകാശത്ത് ഉയരങ്ങളില്‍ നിലനില്‍ക്കും”. – ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു.
٣ نوفمبر القادم تحتفل دولتنا بيوم العلم، ندعو كافة وزاراتنا ومؤسساتنا لرفعه بشكل موحد الساعة 11 صباحاً في ذلك اليوم. سيبقى علمنا مرفوعاً .. سيبقى رمز عزتنا ووحدتنا خفاقاً .. ستبقى راية عزنا ومجدنا وسيادتنا عالية في سماء الإنجاز والولاء والوفاء .. pic.twitter.com/eLmH90j5Ae
— HH Sheikh Mohammed (@HHShkMohd) October 28, 2022
യുഎഇ ദേശീയ പതാകയെക്കുറിച്ചുള്ള ചില വിവരങ്ങള്‍:
യുഎഇയുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാനാണ് രാജ്യത്തിന്റെ ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയത്. 1971 ഡിസംബര്‍ രണ്ടിനായിരുന്നു ഇത്. പതാകയിലെ ചുവപ്പ് നിറം, രാജ്യത്തിന്റെ രൂപീകരണത്തിന് അടിത്തറ പാകിയവരുടെ ത്യാഗത്തെ പ്രതിനിധീകരിക്കുന്നതാണ്. പച്ച നിറം വളര്‍ച്ചയെയും അഭിവൃദ്ധിയേയും സാംസ്‍കാരിക ഔന്നിത്യത്തെയും വിളിച്ചറിയിക്കുന്നു. ജീവകാരുണ്യ രംഗത്തെ സംഭാവനകളെ വെള്ള നിറം വിളിച്ചോതുമ്പോള്‍ എമിറാത്തികളുടെ കരുത്തും നീതിനിഷേധത്തോടും തീവ്രവാദത്തോടുമുള്ള അവരുടെ വിരോധവും പ്രദര്‍ശിപ്പിക്കുന്നതാണ് കറുപ്പ് നിറം.
ചതുരാകൃതിയാണ് യുഎഇ ദേശീയ പതാകയ്ക്കുള്ളത്. നീളം വീതിയുടെ ഇരട്ടിയായിരിക്കണം. ഈടുനില്‍ക്കുന്നതും ശക്തിയുള്ളതും പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാന്‍ ശേഷിയുള്ളതുമായ വസ്‍തു കൊണ്ടായിരിക്കണം പതാക നിര്‍മിക്കേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഔദ്യോഗിക ആവശ്യത്തിനുള്ള പതാക നിര്‍മിക്കേണ്ടത് പോളിസ്റ്ററിലോ അല്ലെങ്കില്‍ ഹെവി പോളിഅമൈഡ് നൂലുകള്‍ കൊണ്ടോ (100 ശതമാനം നൈലോണ്‍) ആയിരിക്കണം.
അര്‍ഹിക്കുന്ന ആദരവോടെ ദേശീയ പതാകയെ എല്ലാവരും കൈകാര്യം ചെയ്യണമെന്നും യുഎഇ നിയമം അനുശാസിക്കുന്നു. പതാകയെ അപമാനിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്‍താല്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയോ അതുമല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.