LocalNEWS

മരുന്ന് മാറി കുത്തിവെച്ചെന്ന് ബന്ധുക്കൾ, വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ, സ്ത്രീ മരിച്ച സംഭവത്തിൽ മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് ഗുരുതരവീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവെച്ചു രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്ക് ഗുരുതരവീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. കൂടരഞ്ഞി സ്വദേശി സിന്ധുവാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു സിന്ധു. അതേസമയം രോഗിയുടെ മരണത്തിൽ ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

എന്നാൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരുന്ന് കുത്തിവച്ചതിന് പിന്നാലെ തളര്‍ന്നുവീണ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സിന്ധുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആശുപത്രി ജീവനക്കാര്‍ നടത്തിയില്ല എന്ന് തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

Signature-ad

ഒക്ടോബര്‍ 26 -നാണ് സിന്ധുവിനെ പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കാഷ്വാലിറ്റിയില്‍ കാണിച്ച സിന്ധുവിന്, ശക്തമായ പനിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്ത് 12-ാം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നുവെന്നും പിറ്റേന്ന് രാവിലെ കുത്തിവയ്പ്പ് എടുത്തതിന് ശേഷം പള്‍സ് റേറ്റ് താഴുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.

തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് അധികൃതര്‍ മരണകാരണമായേക്കാവുന്ന അശ്രദ്ധയോടെ പ്രവര്‍ത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ്, അസിസ്റ്റന്റ് കമീഷണര്‍ കെ സുദര്‍ശനന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാവുന്ന മരുന്ന് യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ സിന്ധുവിന് നല്‍കിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. നഴ്സിങ് പരിശീലനത്തിന് വന്ന വിദ്യാര്‍ഥിയാണ് കുത്തിവെപ്പ് നടത്തിയത്. സിന്ധുവിന് മരുന്ന് കുത്തിവെച്ച ശേഷം മൊബൈലില്‍ സംസാരിച്ച് ലാഘവത്തോടെ ഇവര്‍ അടുത്ത രോഗിയുടെ അടുത്തേക്ക് പോയി. ഈ സമയത്ത് രോഗിയെ നിരീക്ഷിക്കാന്‍ ഡോക്ടറോ നഴ്സോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

രോഗി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചപ്പോള്‍ അതൊക്കെ ഉണ്ടാകുമെന്ന് ഹെഡ് നഴ്സ് നിസ്സാരവത്ക്കരിച്ചുവത്രേ. റിയാക്ഷന്‍ ഉണ്ടായപ്പോള്‍ നല്‍കേണ്ട മറുമരുന്ന് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. വാര്‍ഡില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടാകണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. സംഭവം നടന്ന് 20 മിനിറ്റ് കഴിഞ്ഞ് നഴ്‌സ് വിളിച്ച ശേഷമാണ് ഒരു ഡോക്ടര്‍ എത്തിയത്. പിന്നീട്, മറ്റൊരു ഡോക്ടറെയും വിളിച്ചുവരുത്തിയെങ്കിലും നെഞ്ചിടിപ്പ് പരിശോധിക്കുകയല്ലാതെ മറുമരുന്നോ ഓക്‌സിജനോ നല്‍കിയില്ല.

മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് സിന്ധു മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍, മരുന്നിന്റെ റിയാക്ഷനാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. പാര്‍ശ്വഫലം കാരണമാണ് രോഗി മരിച്ചതെന്നും അല്ലാതെ മരുന്ന് മാറിയതല്ലെന്നുമാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണത്തിലും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: