KeralaNEWS

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്. സാഹിത്യത്തിനു നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ക്കാണ് അംഗീകാരം. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ, നോവല്‍ വിഭാഗങ്ങളിലായി മുപ്പത്തഞ്ചിലേറെ കൃതികള്‍ രചിച്ച സേതു എന്ന എ.സേതുമാധവന് ‘പാണ്ഡവപുരം’ എന്ന നോവലിനും ‘പേടിസ്വപ്നങ്ങള്‍’ എന്ന കഥയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അടയാളങ്ങള്‍ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ചേക്കുട്ടി’ എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരവും ലഭിച്ചു.

മറുപിറവി, പാണ്ഡവപുരം, ഏഴാം പക്കം, കൈമുദ്രകള്‍, നവഗ്രഹങ്ങളുടെ തടവറ (പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊത്ത്), അടയാളങ്ങള്‍ (നോവലുകള്‍), തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങള്‍, ആശ്വിനത്തിലെ പൂക്കള്‍, പ്രകാശത്തിന്റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്നങ്ങള്‍, അരുന്ധതിയുടെ വിരുന്നുകാരന്‍, ദൂത്, ഗുരു (കഥ), അപ്പുവും അച്ചുവും, ചേക്കുട്ടി (ബാലസാഹിത്യം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Signature-ad

കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാഠപുസ്തകമാണെന്ന് വിധിനിര്‍ണ്ണയസമിതി വിലയിരുത്തി. ജീവിതാനുഭവങ്ങളുടെ ഒരു വലിയ ബാങ്ക് നിക്ഷേപമുള്ള വലിയ എഴുത്തുകാരനാണ് അദ്ദേഹം. പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വ്വചനങ്ങള്‍ക്ക് അപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധവെയ്ക്കുന്ന എഴുത്തുകാരനാണ് സേതു.

പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്മജാഗ്രത സേതുവിനെ വ്യത്യസ്തനാക്കുന്നു. അതോടൊപ്പം തന്റെ രചനകളും ജീവിതവും വഴി ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍പ്പിപ്പിടിക്കുന്ന എഴുത്തുകാരനാണ് സേതവെന്നും സമിതി വിലയിരുത്തി.

 

Back to top button
error: